പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകന് 34 വർഷം കഠിനതടവും പിഴയും
Sunday, December 22, 2024 1:15 AM IST
തലശേരി: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് മദ്രസ അധ്യാപകനെ വിവിധ വകുപ്പുകളിലായി 34 വർഷം കഠിനതടവിനും 1,55,000 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു.
കൈതേരി 11-ാം മൈൽ നസ്റത്തുൽ ഇസ്ലാം മദ്രസയിൽ അധ്യാപകനായ കോഴിക്കോട് താഴെ തിരുവമ്പാടി പുല്ലൂരാംപാറയിലെ പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി. മുഹമ്മദിനെയാണു (56) തലശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിനതടവും അനുഭവിക്കണം.
2013 ജൂൺ മാസം മുതൽ സെപ്റ്റംബർ മൂന്നു വരെയുള്ള കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. 17 വയസുള്ള അതിജീവിതയെ മകന് വിവാഹം ചെയ്തുകൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണു പ്രതി പീഡനത്തിനിരയാക്കിയതെന്നാണു കേസ്.
ഇയാൾ താമസിക്കുന്ന പള്ളിമുറിയിലും അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയും ബലാത്സംഗം ചെയ്തെന്നും പുറത്തുപറഞ്ഞാൽ മകനുമായുള്ള വിവാഹം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള കാര്യത്തിന് കൂത്തുപറമ്പ് പോലീസാണ് പ്രതിക്കെതിരേ കേസെടുത്തത്.
കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടറായിരുന്ന കെ.വി ബാബുവാണ് ആദ്യം കേസന്വേഷിച്ചത്.പിന്നീട് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടറായിരുന്ന കെ. പ്രേംസദൻ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ബാസുരി ഹാജരായി.