കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
Sunday, December 22, 2024 2:06 AM IST
കോട്ടയം: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്-52) ഇരട്ട ജീവപര്യന്തവും 8.03 വര്‍ഷം അധിക തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ.
കോട്ടയം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജെ. നാസറിന്റേതാണു വിധി. സഹോദരന് കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യന് (50), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരെയാണ് കുടുംബവീട്ടിലുണ്ടായ തര്‍ക്കത്തിനിടെ ജോര്‍ജ് കുര്യന് വെടിവച്ചു കൊന്നത്.
വിവിധ വകുപ്പുകളിലുള്ള 8.03 വര്‍ഷത്തെ ശിക്ഷ ആദ്യം അനുഭവിച്ചതിനുശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കൂവെന്ന് കോടതി പ്രത്യേകം വിധിച്ചിട്ടുണ്ട്. ഇതുപ്രകാരം കുറഞ്ഞത് പ്രതി 22 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരും.
കൊലപാതകം(302), വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ (449), തോക്കുചൂണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ (506 (2)), ആയുധ നിയമം 30 വകുപ്പുകളിലാണ് ശിക്ഷ. ഇരട്ട കൊലപാതകത്തിനാണ് ഇരട്ടജീവപര്യന്തം.
ആയുധം കൈവശംവച്ചതിന് ആറുവര്‍ഷവും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് രണ്ടു വര്‍ഷവും ആയുധ നിയമമനുസരിച്ച് മൂന്നുമാസവുമാണ് തടവ്. പിഴത്തുക രഞ്ജുകുര്യന്റെ കുടുംബത്തിന് നല്‍കണം.
പിഴത്തുക അടച്ചില്ലെങ്കില്‍ അധിക തടവും അനുഭവിക്കണം. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. 2023 ഏപ്രില്‍ 24 നാണു വിചാരണ ആരംഭിച്ചത്. 278 പ്രമാണങ്ങളും റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്. അജയന്, അഭിഭാഷകരായ നിബു ജോണ്‍, സ്വാതി എസ്. ശിവന് എന്നിവര്‍ ഹാജരായി.