ജയരാജന്റെ രാഷ്ട്രീയം വിലപ്പോകില്ല: സാദിഖലി തങ്ങള്‍
Friday, September 20, 2024 1:06 AM IST
മലപ്പുറം: ആഗോളതലത്തില്‍തന്നെ ഐഎസ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമയത്തെ പി. ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും കേരളത്തില്‍ അത് വിലപ്പോകില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരാണ്.
ഇടതുപക്ഷത്തിന്റെ അജൻഡകള്‍ ജനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അത് തെളിയിച്ചതുമാണ്. നഷ്ടപ്പെട്ട വോട്ടുകള്‍ വീണ്ടെടുക്കാന്‍ എന്തെങ്കിലുമൊരു പിടിവള്ളി കിട്ടുമോയെന്ന് നോക്കുകയാണ് സിപിഎം.
ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ കണക്കിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഐഎസ് ബന്ധം പറഞ്ഞ് ഒരു സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് പുരോഗമന രാഷ്ട്രീയ പാര്‍ട്ടിയെന്ന് പറയുന്ന സിപിഎമ്മിന് യോജിച്ച നിലപാടല്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.