മുഖ്യമന്ത്രിക്കില്ലാത്ത പരാതി എനിക്കെന്തിനെന്ന് വി.ഡി. സതീശൻ
Thursday, September 19, 2024 1:28 AM IST
തിരുവനന്തപുരം: വയനാട്ടിൽ ദുരിതാശ്വാസത്തിനു കേന്ദ്രം പണം തന്നില്ലെന്നു മുഖ്യമന്ത്രി ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുഖ്യമന്ത്രിക്കില്ലാത്ത പരാതി എന്തിനാണു താൻ ഉന്നയിക്കുന്നതെന്നും സതീശൻ ചോദിച്ചു. എസ്ഡിആർഎഫ് അനുസരിച്ച് മെമ്മോറാണ്ടം തയാറാക്കി പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയായിരുന്നു സംസ്ഥാനം ചെയ്യേണ്ടിയിരുന്നത്.
ഇല്ലാത്ത കാര്യങ്ങൾ എഴുതിവച്ചാൽ പണം ലഭിക്കില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ച് ഉയർന്ന ആക്ഷേപം ഉണ്ടാകാതിരിക്കാനാണ് വയനാടിനു കിട്ടുന്ന പണം പ്രത്യേക ഫണ്ടിലേക്കു മാറ്റണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ്. വേട്ടക്കാരെ എങ്ങനെ സംരക്ഷിക്കാം എന്നാണു ചിന്തിക്കുന്നത്. ഭരണകക്ഷി എംഎൽഎ മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി തയാറായില്ലെന്ന് സതീശൻ പറഞ്ഞു.