ഉരുൾദുരന്തം: ചെലവുകളിലെ യാഥാർഥ്യം
Wednesday, September 18, 2024 1:57 AM IST
537 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ചൂരൽമല-മുണ്ടക്കൈ ദുരന്തം സംബന്ധിച്ച് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുടെയും ജസ്റ്റീസ് ശ്യാം കുമാറിന്റെയും ഡിവിഷന് ബഞ്ച് എല്ലാ വെള്ളിയാഴ്ചകളിലും ആദ്യത്തെ കേസായി ഏറെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഏറെ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍തന്നെ കോടതി നടത്തിക്കൊണ്ടിരിക്കുന്നു.
അതു ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരും ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. രജിത് തമ്പാനും ദുരന്തമേഖലയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. മിക്ക വെള്ളിയാഴ്ചകളിലും അഡ്വക്കേറ്റ് ജനറല്‍തന്നെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോടതിയിലെത്തുന്നതും കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെയും സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ദുരന്തനിവാരണത്തിലും പുനരധിവാസത്തിലും സാധ്യമായ രീതിയില്‍ ഹൈക്കോടതി മേല്‍നോട്ടം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസിന് പരാതി അയച്ചു.
ആ പരാതി പരിഗണിച്ച കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും പരാതിക്കാരനായ ജയിംസ് വടക്കനെ ഒമ്പതാം കക്ഷിയാക്കുകയും ചെയ്തു. അഡ്വ. ജോണ്സണ് മനയാനിയെ അവര്‍ അഭിഭാഷകനായും നിയോഗിച്ചു.
കോടതി നിര്‍ദേശാനുസരണം ഓഗസ്റ്റ് 17ന് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മെമ്മോറാണ്ടം-കേരള എന്ന രേഖയും മറ്റ് അനുബന്ധ രേഖകളും ഓഗസ്റ്റ് 23ന് കോടതി ആവശ്യപ്പെട്ട ചില വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോടതിയില്‍ നല്കിയ രേഖകളെ അടിസ്ഥാനമാക്കി കോടതി സെപ്റ്റംബർ ആറിന് 20 പേജുള്ള ഒരു വിധിന്യായം പുറപ്പെടുവിച്ചു.
ആ വിധിന്യായത്തിലെ കണക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ ചെലവായ തുകയാണെന്ന് ഒരു വിഭാഗവും എസ്റ്റിമേറ്റ് മാത്രമാണെന്നു മറുഭാഗവും പറയുമ്പോള്‍ എസ്റ്റിമേറ്റ് ആണെങ്കിലും അതില്‍ എത്ര സത്യം ഉണ്ടെന്നറിയേണ്ടതുണ്ട്.
ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കണക്കുകള്‍ ആരുടെയും സത്യവാങ്മൂലമല്ല, മറിച്ച് നേരത്തേ സൂചിപ്പിച്ചതുപോലെ ഹൈക്കോടതി വിധിന്യായംതന്നെയാണ്. വിധിന്യായത്തിലെ ഏഴാം പേജില്‍ 2.12 ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കണക്കാണ് 359 ശരീരങ്ങള്‍ മറവുചെയ്യാന്‍ 2,76,75, 000 രൂപ ചെലവായി എന്നത്. ഇത് എസ്റ്റിമേറ്റ് അല്ല, ആക്ച്വല്‍ ആണ്. അതായത് ചെലവായ തുക.
ദുരന്തഭൂമിയിലെ നാശനഷ്ടങ്ങളെ സംബന്ധിച്ച സംസ്ഥാന/ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ മാനദണ്ഡങ്ങളാണ് കോടതി വിധിയില്‍ പരാമര്‍ശിക്കപ്പെടുന്ന കണക്കുകളെന്നാണ് മറ്റൊരു ഭാഷ്യം. അങ്ങനെയെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന എസ്റ്റിമേറ്റ് എങ്ങനെ അംഗീകരിക്കാനാവും.
ദുരന്തഭൂമിയില്‍ നാമമാത്ര ചെറുകിട കര്‍ഷകരുടെ 359 ഹെക്ടര്‍ ഭൂമിയിലെ സംസ്ഥാനത്തെതന്നെ മികച്ച കാപ്പി, ഏലം തോട്ടങ്ങള്‍ നശിച്ചു. ഇടത്തട്ടുകാരുടെ 267 ഹെക്ടര്‍ കൃഷിയും നശിച്ചു. രണ്ടിനും ഹെക്ടര്‍ ഒന്നിനു നഷ്ടപരിഹാരം (Relief Assistance) കേവലം 22,500 രൂപ മാത്രം. ഏക്കറൊന്നിന് 10,000 രൂപയില്‍ താഴെ.
2023 ജൂണ്‍ 23ന് സംസ്ഥാന സഹകരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഒരേക്കര്‍ കാപ്പി കൃഷിചെയ്യാന്‍ ബാങ്കുകള്‍ നല്കുന്ന ധനസഹായം 54,000 മുതല്‍ 67,000 രുപ വരെ. അതിന്റെ സ്ഥാനത്താണ് സര്‍ക്കാരിന്റെ 10,000 രൂപ.
ഏലം കൃഷിക്ക് ഒരേക്കറിന്റെ ചെലവ് 2,60,000 മുതല്‍ 2,80,000 രൂപ വരെയാണ്. അതിനും നഷ്ടപരിഹാരത്തുക 10,000 മാത്രം. ഇതെങ്ങനെ ജനങ്ങള്‍ അംഗീകരിക്കും?
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 1555 വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. ദുരന്തഭൂമയില്നിന്നു വന്ന ദൃശ്യങ്ങളില്‍ മുണ്ടക്കൈയില്‍ നഷ്ടപ്പെട്ടതു ചെറിയ വീടുകളല്ലെന്നു വ്യക്തമാണ്. അങ്ങനെ നശിച്ച വീടുകള്‍ക്കുള്ള നഷ്ടപരിഹാരം വീടുവിസ്തൃതി കണക്കാക്കാതെ കേവലം 1,35,000 രൂപ മാത്രം. ലൈഫ് മിഷന് പണിയുന്ന വീടിനുപോലും നാലു ലക്ഷം രൂപയാണ് വകയിരുത്തുന്നത്.
ഭാഗികമായി തകര്‍ന്നത് 452 വീടുകള്‍. അതിനുള്ള നഷ്ടപരിഹാരത്തുക കേവലം 6500 രൂപ മാത്രം. 35 കുടിലുകള്‍ നഷ്ടപ്പെട്ടു. ഓരോ കുടിലിനുമുള്ള നഷ്ടപരിഹാരം 8,000 രൂപ.
മരണമടഞ്ഞവര്‍ക്കു നല്‍കിയത് 14,36,00,000 രൂപയാണ്.
ചെലവിന്റെ എസ്റ്റിമേറ്റ് ഇങ്ങനെ:
റസ്പോൺസ് ആൻഡ് റിലീഫ് 281,31,41,400
റിക്കവറി ആൻഡ് റി കൺസ്ട്രക്ഷൻ 333,31,20,000
നോൺ എസ്ഡിആർഎഫ് ഐറ്റംസ് 587, 50,00, 000. ആകെ 1202,12,61,400. ഇതില്‍ 148 കോടി ഭൂനാശത്തിനും (100 ഹെക്ടര്‍) 14.36 കോടി 359 ഹെക്ടറിലെ കൃഷിനാശത്തിനും കണക്കാക്കിയിരിക്കുന്നു. ഒരു ഹെക്ടര്‍ ഭൂമിയുടെ വില 14 ലക്ഷം. ഒരേക്കറിന് 5.6 ലക്ഷം മാത്രം. കൃഷിനാശത്തിന് ഒരേക്കറിന് 1,60,000.