സർക്കാരിനെതിരേ പ്രചാരണം ശക്തമാക്കുന്നു ; താഴേത്തട്ടിലേക്കിറങ്ങാൻ കോണ്ഗ്രസ്
Sunday, September 15, 2024 1:29 AM IST
തിരുവനന്തപുരം: അടുത്ത നാളിൽ വിവാദമായ ബിജെപി, ആർഎസ്എസ് ബന്ധമുൾപ്പെടെ സംസ്ഥാന സർക്കാരിനെതിരായ വിവിധ വിഷയങ്ങൾ താഴേത്തട്ടിലെത്തിക്കാൻ കോണ്ഗ്രസ് പ്രചാരണ പരിപാടികൾ തയാറാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മുൻകൂട്ടി കണ്ടാണ് ഇങ്ങനെയൊരു പ്രചാരണപരിപാടിക്കു തുടക്കം കുറിക്കുന്നത്.
എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ വിഷയം കെടാതെ നിർത്താനാണ് കോണ്ഗ്രസ് നീക്കം. സിപിഎം സമ്മേളനങ്ങൾ നടന്നു വരുന്ന സമയത്ത് താഴേത്തട്ടുവരെ സിപിഎമ്മിന്റെ ബിജെപി-ആർഎസ്എസ് ബന്ധം ചർച്ചയാക്കുന്നത് ഗുണം ചെയ്യുമെന്നു പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
ഈയാഴ്ച കെപിസിസി തലത്തിൽ ചേരുന്ന യോഗത്തിൽ ഈ പ്രചാരണപരിപാടിക്ക് അന്തിമരൂപം നൽകും. ജില്ലാതലത്തിൽ പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. 24 ന് തൃശൂരിൽ ഇത്തരത്തിലുള്ള ആദ്യ രാഷ്്ട്രീയവിശദീകരണ പരിപാടി നടത്താനാണ് ആലോചിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ബിജെപി സ്ഥാനാർഥി ജയിച്ച സ്ഥലം എന്ന നിലയിലും ബിജെപി ധാരണയും പൂരം കലക്കലുമൊക്കെ സജീവചർച്ചയുമാകുന്ന പശ്ചാത്തലത്തിലാണ് ആദ്യയോഗം തൃശൂരിൽ നടത്താൻ അലോചിക്കുന്നത്. തുടർന്നു താഴേത്തട്ടുവരെ സമാനമായ പ്രചാരണയോഗങ്ങൾ നടത്തി സർക്കാരിനെതിരായ വിഷയങ്ങൾ സജീവമാക്കി നിർത്താനാണ് ആലോചിക്കുന്നത്.
ഇതിനു മുന്നോടിയായി സംഘടനാ പുനഃസംഘടന പൂർത്തിയാക്കാനും ശ്രമിക്കുന്നുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. പ്രവർത്തനരംഗത്തു സജീവമല്ലാത്ത ചിലരെ മാറ്റും. അതോടൊപ്പം കെപിസിസി സെക്രട്ടറിമാരെയും നിയമിക്കേണ്ടതുണ്ട്.
പ്രവർത്തനത്തിൽ വേണ്ടതു പോലെ തിളങ്ങാൻ സാധിക്കാത്ത ഏതാനും ഡിസിസി പ്രസിഡന്റുമാർക്കും മാറ്റമുണ്ടാകും. ഇതു സംബന്ധിച്ച സംസ്ഥാന ഘടകത്തിന്റെ നിർദേശങ്ങൾ ഹൈക്കമാൻഡിന്റെ മുന്പാകെയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലേക്കു സംഘടനയെ സജ്ജമാക്കണമെങ്കിൽ പുതിയ ഭാരവാഹികളെ നിയമിക്കേണ്ടതുണ്ട്.
ഡിസിസി മുതൽ മണ്ഡലം തലം വരെയുള്ള നേതാക്കളെ നേരിൽകണ്ടു പ്രവർത്തനം വിലയിരുത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ വി.കെ. അരിവഴകൻ, പി.വി. മോഹൻ, മൻസൂർ അലി ഖാൻ എന്നിവർ പര്യടനം ആരംഭിച്ചിട്ടുണ്ട്. തെക്ക്, മധ്യം, മലബാർ എന്നിങ്ങനെ മൂന്നു മേഖലകളാക്കി തിരിച്ചാണ് ഇവർ താഴേത്തട്ടിൽ വരെ എത്തുന്നത്.
താഴേത്തട്ടുവരെയുള്ള നേതാക്കളുടെ പ്രവർത്തനത്തിന്റെ ഗുണ, ദോഷങ്ങളും അവരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും അടങ്ങുന്ന റിപ്പോർട്ട് ഇവർ ഹൈക്കമാൻഡിനു സമർപ്പിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള പാർട്ടിയുടെ തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകുക.