അമ്മയും കുഞ്ഞും മരിച്ച സംഭവം: മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം
Sunday, September 15, 2024 1:29 AM IST
കോഴിക്കോട്: ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ (എംഎംസി) അമ്മയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ബാലുശേരി ഏകരൂല്‍ ആറപ്പറ്റകുന്നുമ്മല് അശ്വതി (35)യും ഗര്‍ഭസ്ഥ ശിശുവുമാണ് കഴിഞ്ഞദിവസം മരിച്ചത്. ഭര്‍ത്താവ് വിവേകിന്റെ പരാതിപ്രകാരം 194 വകുപ്പു പ്രകാരമാണ് അത്തോളി പോലീസ് കേസെടുത്തിട്ടുള്ളത്.
അതേസമയം, ആശുപത്രിക്കെതിരേ ആരോപണവുമായി അശ്വതിയുടെ കുടുംബം രംഗത്തെത്തി. എന്തിനാണു കീറി മുറിക്കുന്നതെന്ന് ഡോക്ടർ ചോദിച്ചുവെന്നാണ് ഭർത്താവ് വിവേക് പറയുന്നത്. ഡോക്ടർ സിസേറിയൻ ചെയ്യാമെന്ന് ആദ്യം പറഞ്ഞു.
വേദന കൂടിയതോടെ സിസേറിയൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും തയാറായില്ല. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്നു പറഞ്ഞുവെന്ന് വിവേക് ആരോപിക്കുന്നു. ഡോക്ടര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ വൈകുന്നേരം ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ സമരം നടത്തി. പോലീസ് എത്തിയാണു പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.
കഴിഞ്ഞ ഏഴിനാണ് പ്രസവത്തിന് അശ്വതിയെ എംഎംസിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയൻ വേണമെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു.
എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയിട്ടില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും വേദനയ്ക്കുള്ള മരുന്ന് നല്കി. ബുധനാഴ്ച വേദന കൂടിയപ്പോള്‍ അന്നു രാത്രി പത്തിന് ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞു. പിന്നീടത് മാറ്റിവച്ചു.
സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നില്ല. വേദന കൂടിയപ്പോള്‍ ഡോക്ടറെ കാണണമെന്ന് അശ്വതി ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ വന്നില്ല. വേറെ ആശുപത്രിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോഴും എല്ലാം ശരിയാകുമെന്നാണ് പറഞ്ഞത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിയറ്ററിലേക്കു കൊണ്ടുപോയത്. ഗര്‍ഭപാത്രത്തില്‍ വിള്ളലുണ്ടെന്നും കുഞ്ഞ് മരിച്ചുവെന്നു ആദ്യം അറിയിച്ചു. അശ്വതിയുടെ ജീവന് രക്ഷിക്കാന്‍ ഉടനെതന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന് അറിയിക്കുകയും ഇതിനായി സമ്മതപത്രം വാങ്ങുകയും ചെയ്തു.
പിന്നീട് ഗുരുതരാവസ്ഥയിലായപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ആംബുലന്‍സ് ഏര്‍പ്പെടുത്തുകയുമായിരുന്നു. ഇതൊന്നും തങ്ങളോട് ആലോചിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാൽ സംഭവത്തിൽ വീഴ്ചയുണ്ടാതായുള്ള ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിക്കുകയാണ്.