ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
Sunday, September 15, 2024 1:29 AM IST
അടിമാലി: ഏലം കർഷകരെ കബളിപ്പിച്ച് കോടികൾ തട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അവധിക്കച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്കാ സംഭരിച്ച് പണം നൽകാതെ മുങ്ങിയ പ്രതിയാണ് പിടിയിലായത്.
പാലക്കാട് മണ്ണാർക്കാട് കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ആണ് ആലപ്പുഴയിൽനിന്നു പോലീസിന്റെ വലയിലായത്. ഇയാൾ നാലുമാസമായി ഒളിവിലായിരുന്നു.
അടിമാലി എസ്ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽനിന്ന് വെള്ളിയാഴ്ച രണ്ടോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുതറിയോടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ തട്ടിപ്പു നടത്തിയത്.
2023 ഒക്ടോബറിലാണ് കൊന്നത്തടി, രാജകുമാരി, അടിമാലി പഞ്ചായത്ത് പരിധികളിലെ കർഷകരിൽനിന്ന് ഏലം സംഭരിച്ചുതുടങ്ങിയത്. ഒരുമാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയേക്കാൾ കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഏലക്ക സംഭരിച്ചത്. ആദ്യ രണ്ടുമാസം കൂടുതൽ തുകയും നൽകി.
ഇതോടെ കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചു തുടങ്ങി. ഏലക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈ രസീതുമായി എത്തിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂലൈയിലാണ് അവസാനമായി ഏലക്കാ എടുത്തത്. തുടർന്ന് ഇയാൾ മുങ്ങി.
കബളിക്കപ്പെട്ടവർ പോലീസിൽ പരാതി നൽകുകയായിരുന്നു. 1400ൽപ്പരം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്കു നൽകാനുള്ളത്. അടിമാലി സ്റ്റേഷനിൽ മാത്രം 32 പരാതികൾ ലഭിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സ്റ്റേഷനിലും പരാതിയുണ്ട്.
എന്നാൽ, പണം നൽകാതെ വാങ്ങിയ ഏലക്കാ ഇവിടെത്തന്നെയുള്ള വ്യാപാരികൾക്ക് രൊക്കം പണം വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്പന നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രാഥമികാന്വേഷണത്തിൽ 20 ലക്ഷം രൂപയുടെ വീട് മാത്രമാണ് ഇയാൾക്കുള്ളതെന്നും മറ്റ് ആസ്തികൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അടിമാലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നു.
കർഷകരിൽനിന്നു കോടികളുടെ ഏലക്കാ കബളിപ്പിച്ച് വാങ്ങാൻ ഇയാളെ സഹായിച്ച ഇടനലക്കാരെയും കസ്റ്റഡിയിലെടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
പ്രതിയെ പിടികൂടിയതറിഞ്ഞ് നിരവധി ആളുകളാണ് ഇന്നലെ പോലീസ് സ്റ്റേഷനിലെത്തിയത്. കബളിപ്പിച്ചു വാങ്ങിയ പണം ഇയാൾ എന്തു ചെയ്തവെന്നു കണ്ടെത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.