തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകള്‍: സുരേഷ് ഗോപി
Saturday, September 14, 2024 2:22 AM IST
കോഴിക്കോട്: രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രിമിനലുകളാണെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പി.പി. മുകുന്ദന് അനുസ്മരണ സമിതിയുടെ പ്രഥമ പി.പി. മുകുന്ദന് പുരസ്കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിക്കാന്‍ യോഗ്യതയുള്ള ഒരാള്‍പോലും കേരളത്തില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഒരാഴ്ചക്കാലമായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ എനിക്ക് പുച്ഛം തോന്നുന്നു. ഒരു കാലത്ത് പാനൂര്‍ എന്ന ഗ്രാമം എരിഞ്ഞു തുടങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഭ്രമിച്ചുപോകുന്നതായിരുന്നു. തെരുവുവനായകള്‍ മാത്രം വിഹരിക്കുന്ന നഗരകാഴ്ചകളാണ് അന്നു ടെലിവിഷനുകളില്‍ വന്നത്. എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ആലോചിച്ചുപോയി.
പിന്തുണ നല്‍കിയത് സംവിധായകന്മാരായ സിദ്ദിഖും ജോഷിയുമാണ്. സിനിമാലോകത്തുനിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യപ്പെട്ടു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ വിളിക്കുന്നത് പി.പി. മുകുന്ദേട്ടനും മുഖ്യമന്ത്രി ഇ.കെ. നായനാരുമാണ്.
ഇന്ന് ചര്‍ച്ചയെ വിമര്‍ശിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒന്ന് റിവേഴ്സ് ഗിയറില്‍ പോകണം. കണ്ണൂര്‍ കളക്ടറ്റേറില്‍ എത്ര ദിവസം നായനാരും ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനും സമാധാന പുനഃസ്ഥാപനത്തിനുള്ള ഇച്ഛ നടപ്പാക്കാന്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയെന്ന് അറിയണം.
രണ്ടു സുമനസുകള്‍ രാഷ്ട്രീയ വൈരുദ്ധ്യം മറന്നാണ് പ്രവര്‍ത്തിച്ചത്. ആരാണ് രാഷ്ട്രീയ വൈരുദ്ധ്യം കല്പിക്കുന്നത്. ജനാധിപത്യം എന്നുപറഞ്ഞാല്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ളതാണ്. തൊട്ടുകൂടായ്മ കുറ്റകരമാണ്.
എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണത്. തൊട്ടുകൂടായ്മ പ്രമോട്ട് ചെയ്യുന്നവരും തുല്യക്രിമിനലുകളാണ്. ജനനന്മയ്ക്കാണ് രാഷ്ട്രീയം. നമ്മളെ ചോദ്യം ചെയ്യാന്‍ യോഗ്യനായ ഒരാളും മറുപക്ഷത്തില്ല എന്നാതാണ് വസ്തുത.
നമുക്ക് ധര്‍മത്തിന്റെ പിന്തുണ ഉണ്ടാവണമെന്നും”-സുരേഷ് ഗോപി പറഞ്ഞു. പി.പി. മുകുന്ദന് തനിക്ക് സുഹൃത്തും അച്ഛനും വലിയച്ഛനുമായിരുന്നുവെന്ന് സുരേഷ്ഗോപി പറഞ്ഞു.