എന്റെ ഭൂമി-ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ അടുത്ത മാസം നടപ്പാക്കും: മന്ത്രി
Friday, September 13, 2024 1:23 AM IST
കൊച്ചി: രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യു വകുപ്പിന്റെ റെലിസ്, സര്‍വേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് ഇന്ത്യയില്‍ ആദ്യമായി ‘എന്റെ ഭൂമി’ എന്ന ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ അടുത്തമാസം കേരളത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.രാജന്.
കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്തമാസം പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകള്‍, തട്ടിപ്പുകള്‍ എന്നിവ ഒഴിവാക്കുന്നതിന് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ വഴി സാധിക്കും. രജിസ്ട്രേഷന് സമയത്തുതന്നെ ഭൂമിയുടെ പോക്കുവരവിന്റെ സാധ്യതകളും ലൊക്കേഷന്‍ സ്കെച്ചും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനത്തിലൂടെ രജിസ്ട്രേഷന് ഒരു കരാര്‍ മാത്രമല്ല റവന്യു, സര്‍വേ വകുപ്പുകളെ കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്രിയയാക്കി മാറ്റുകയാണ് റവന്യു വകുപ്പ്.
ഇന്ത്യക്ക് പുറത്തുള്ള പത്തു രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളായ മലയാളികള്‍ക്ക് കേരളത്തിലുള്ള ഭൂമിക്ക് ഓണ്‍ലൈനായി നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് ഇ- ബാങ്കിംഗിന്റെയും ഇ- ട്രഷറിയുടെയും സൗകര്യം ഉപയോഗിച്ച് സമ്പൂര്‍ണമായി റവന്യു വകുപ്പിനെ ഡിജിറ്റലാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു.