വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിലായ ഒമ്പതുവയസുകാരിയുടെ ചികിത്സ: സര്‍ക്കാരിന്റെ വിശദീകരണം തേടി
Friday, September 13, 2024 1:23 AM IST
കൊച്ചി: വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ ഒമ്പതുവയസുകാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
വിഷയത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിശദീകരണം തേടിയത്.
വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മേലെചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയാണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി പത്തോടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മുത്തശി ബേബി തത്ക്ഷണം മരിച്ചിരുന്നു. ദൃഷാനയുടെ ചികിത്സയ്ക്കായി വൻ തുക നിര്‍ധനകുടുംബത്തിന് ചെലവായി.
അപകടത്തിനിടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനോ എന്തെങ്കിലും സഹായം ലഭ്യമാക്കാനോ കഴിഞ്ഞിട്ടുമില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണു സ്വമേധയാ കേസെടുത്തത്.