അപകീര്‍ത്തിക്കേസ്: എം.ജെ. സോജനെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കി
Thursday, September 12, 2024 5:17 AM IST
കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളെ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എം.ജെ. സോജനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി.
പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പാലക്കാട് പോക്സോ കോടതി ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്. അതേസമയം, മരിച്ച പെണ്‍കുട്ടികളെ താഴ്ത്തിക്കെട്ടുന്ന വിധത്തില്‍ ആധികാരികത പരിശോധിക്കാതെ ഇത്തരമൊരു കാര്യം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും ലേഖകനുമെതിരേ ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടില്‍ എം.ജെ. സോജന്റെ പ്രതികരണം ഒരു ചാനല്‍ സംപ്രേഷണം ചെയ്തതാണു കേസിനിടയാക്കിയത്. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്നായിരുന്നു അമ്മയുടെ പരാതി. സോജന് ഏതെങ്കിലും മാധ്യമങ്ങള്‍ക്കു തന്റെ സമ്മതത്തോടെ അഭിമുഖം നല്‍കുകയോ മാധ്യമങ്ങളോടു സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു കേസിലെ ഒന്നാം സാക്ഷിയുടെ മൊഴിയില്‍നിന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥനായ സോജന് തന്നോടു പറഞ്ഞ മോശം വാക്കുകള്‍ ലേഖകന്‍ റിക്കോര്‍ഡ് ചെയ്തു ചാനലിലൂടെ പുറത്തുവിടുകയായിരുന്നുവെന്നാണ് മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ സോജന് മോശമായ കാര്യം മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടില്ല. മറിച്ച് അയാള്‍ പറഞ്ഞ മോശം കാര്യം റിക്കോര്‍ഡ് ചെയ്തു സംപ്രേഷണം ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തില്‍ പോക്സോ നിയമത്തിലെ 23(1) വകുപ്പുപ്രകാരമുള്ള കേസ് സോജനെതിരേ നിലനില്‍ക്കില്ല.
വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലല്ലാതെ കുട്ടികളെ ഏതെങ്കിലും വിധത്തില്‍ മോശമായി ബാധിക്കുന്ന വിധത്തില്‍ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിനെതിരേയുള്ള നിയമമാണിത്. ‘മാധ്യമങ്ങള്‍ക്കുള്ള ചട്ടം’ എന്നാണു തലക്കെട്ടെങ്കിലും എല്ലാവര്ക്കും ബാധകമാണെന്നും കോടതി പറഞ്ഞു.
പോക്സോയിലെ ഈ വകുപ്പനുസരിച്ച് കേസെടുക്കേണ്ടത് ഇതു റിക്കോര്‍ഡ് ചെയ്ത ലേഖകനും സംപ്രേഷണം ചെയ്ത ചാനലിനും ബന്ധപ്പെട്ടവര്ക്കുമെതിരേയാണ്. എന്നാല്‍, ഇവരെ പ്രതികളായി ഉള്‍പ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആവശ്യമെങ്കില്‍ ലേഖകനും ചാനലിനുമെതിരേ നിയമവഴി തേടാമെന്നും കേസ് തീര്‍പ്പാക്കിയത് ഇതിനു തടസമല്ലെന്നും കോടതി വ്യക്തമാക്കി.
ഈ പശ്ചാത്തലത്തില്‍ ലേഖകനും ചാനലിലെ മറ്റുള്ളവര്‍ക്കുമെതിരേ അന്വേഷണം നടത്തുന്നത് പരിഗണിക്കുന്നതിന് ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിക്ക് അയച്ചുകൊടുക്കാനും കോടതി നിര്‍ദേശിച്ചു.