പണമില്ല: പുതിയ ബസ് നിരത്തിലിറക്കാനുള്ള കെഎസ്ആർടിസി ശ്രമം വിഫലം
Thursday, September 12, 2024 4:18 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഓണത്തിന് 220 പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള കെഎസ്ആർടിസിയുടെ മോഹം വിഫലമായി. ബസ് വാങ്ങാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം നല്കുകയും കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഗതാഗത മന്ത്രി നിയമസഭയെ അറിയിക്കുകയും ജൂണിൽ ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്ത ബസ് വാങ്ങൽ പദ്ധതിയാണ് എങ്ങുമെത്താതായത്.ഫുൾ ബോഡിയോടു കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾക്കാണ് ടെണ്ടർ ക്ഷണിച്ചത്.
സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസിക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തിയത്. ജൂണിനുശേഷം ജീവനക്കാർക്ക് ശമ്പളം നല്കാനും പെൻഷൻ വിതരണത്തിനും സർക്കാർപണം അനുവദിച്ചെങ്കിലും ഈ 96 കോടി ഇതുവരെ അനുവദിച്ചിട്ടില്ല. എസ്ബിഐയും വായ്പ അനുവദിക്കാൻ തയാറായില്ല. അവസാനമായി കേരള ബാങ്ക് വായ്പ നല്കാൻ തയാറായെങ്കിലും സാങ്കേതികത്വത്തിൽപ്പെട്ട് അത് നീണ്ടുപോവുകയാണ്.
കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിൽ 135 കോടി രൂപയുടെ ഇടപാട് അവശേഷിക്കുന്നുണ്ട്. ഈ തുക അവർക്ക് തിരിച്ചടച്ച് അവരെ കൺസോർഷ്യത്തിൽ നിന്നും ഒഴിവാക്കുകയും പകരം കേരള ബാങ്കിനെ ഉൾപ്പെടുത്തുകയും വേണം. അതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
1000 പുതിയ ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 220 ബസുകൾ വാങ്ങാൻ ശ്രമം നടത്തിയത്. 2016ന് ശേഷം ഒരു പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ കെഎസ്ആർടിസിയ്ക്കുള്ളത് പഴഞ്ചൻ ബസുകളാണ്. പലതും 15 വർഷമോ അതിലധികമോ പഴക്കമുള്ളതുംസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതുമാണ്.