ശതാബ്ദിനിറവിൽ മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹം
Wednesday, September 11, 2024 1:47 AM IST
കോട്ടയം: മെഡിക്കല്‍ മിഷന് സന്യാസിനീ സമൂഹം ശതാബ്ദിയുടെ നിറവില്‍. അശരണര്‍ക്കും ആലംബഹീനര്‍ക്കും അധസ്ഥിതര്‍ക്കും താങ്ങും തണലുമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സധൈര്യം കടന്നു ചെന്ന ഈ സന്യാസിനീ സമൂഹം സമൂഹത്തിനു കാഴ്ച വച്ചസേവനങ്ങളും സൗഖ്യദായക ശുശ്രൂഷകളും സംഭവനകളും ഏറെ ശ്രദ്ധേയമാണ്.
നിര്‍ധനരായവര്‍ക്ക് ഭവനം, സൗജന്യ ഹിലീംഗ് ക്യാമ്പ്, ആരോഗ്യ ബോധവത്കരണ പരിപാടികള്‍ എന്നിവ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
ഓസ്ട്രിയന്‍ സ്വദേശി ഡോ. മദര്‍ അന്ന ഡെങ്കലാണ് 1925ല്‍ വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ മിഷന് സന്യാസിനീ സമൂഹത്തിനു രൂപംകൊടുത്തത്. 1948ല്‍ ഭരണങ്ങാനത്ത് മേരിഗിരി എന്നറിയപ്പെടുന്ന ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ഹോസ്പിറ്റല്‍ എന്ന ആശുപത്രിയിലൂടെയാണ് ആതുര ശുശ്രൂഷ മേഖലയില്‍ കേരളത്തിൽ തുടക്കം കുറിക്കുന്നത്. ചെത്തിപ്പുഴ, മുണ്ടക്കയം, തുരുത്തിപ്പുറം എന്നിവിടങ്ങളിലും ആശുപത്രി ആരംഭിച്ചു. മേരിഗിരി ആശുപത്രി ഒഴികെ മറ്റ് ആശുപത്രികള്‍ രൂപതകള്‍ക്ക് കൈമാറി.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ശാന്തിഭവന് എന്ന പേരില്‍ അഭയമന്ദിരം തുറന്നു. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വിപത്തുകള്‍ക്കെതിരേ സമഗ്രമോചനവും ബോധ്യപ്പെടുത്തുലുമായി മാങ്ങാനത്ത് ട്രാഡാ എന്ന പേരില്‍ സ്ഥാപനം തുടങ്ങി.
പ്രകൃതി ജീവന ചികിത്സകളോടു ചേര്‍ന്നുള്ള ഔഷധരഹിത ചികിത്സയ്ക്കായി ചങ്ങനാശേരിയില്‍ ആയുഷ്യ , കാന്‍സര്‍ ആന്‍ഡ് എയഡ്സ് ഷെല്‍ട്ടര്‍ സൊസൈറ്റീസ് എന്നിവയും സന്യാസ സമൂഹം ആരംഭിച്ചു. ലൈംഗിക തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി തിരുവനന്തപുരത്ത് ഹീല്‍ ഇന്ത്യ എന്ന പേരില്‍ സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.
ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചങ്ങനാശേരി ആയൂഷ്യ അന്ന ഡംഗല്‍ ഹോമില്‍ 28നു രാവിലെ 11ന് നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പത്രസമ്മേളനത്തില്‍ ആയുഷ്യ അന്ന ഡങ്കല്‍ ഹോം മദര്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ എലൈസ കുപ്പോഴയ്ക്കല്‍, ഡോ. സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര, സിസ്റ്റര്‍ റോസ് വൈപ്പന എന്നിവര്‍ പങ്കെടുത്തു.