കൃഷികാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍ഷകര്‍ക്കും ഐഡി കാര്‍ഡ്
Wednesday, September 11, 2024 1:47 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ കാര്‍ഡ് നല്‍കുന്നത്. രണ്ടര സെന്റ് മുതല്‍ കൃഷി ചെയ്യുന്നവര്‍ക്കും പാട്ടകൃഷി നടത്തുന്നവര്‍ക്കും കാര്‍ഡ് ലഭിക്കും.
കാര്‍ഡില്‍ കര്‍ഷകന്റെ പേര്, ഫോട്ടോ, വയസ്, മേല്‍വിലാസം, ക്യുആര്‍ കോഡ് എന്നിവയുണ്ടാകും. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ കൃഷിഭൂമിയുടെ അളവു മുതൽ എല്ലാ വിവരങ്ങളും ലഭിക്കും.
സര്‍ക്കാര്‍ പദ്ധതികളില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും കാര്‍ഡ് സഹായിക്കും. സബ്സിഡിയില്‍ ഉപകരണങ്ങള്‍ ലഭിക്കുക, സാമ്പത്തിക സഹായം, വായ്പ, വിള ഇന്‍ഷ്വറന്‍സ്, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയവയ്ക്ക് കാര്‍ഡ് പ്രയോജനപ്പെടും.
ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ വില്ക്കാന് സാധ്യമാ കുന്നവിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയില്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കുള്ള രേഖയായും ഇതു മാറും. അഞ്ചു വര്‍ഷത്തിനുശേഷം കാര്‍ഡ് പുതുക്കി നല്‍കും.
കാര്‍ഡ് ലഭിക്കുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് കൃഷിഭവനില്‍ ഉള്‍പ്പെടെ പ്രത്യേകം അപേക്ഷ നല്‍കുന്നത് ഒഴിവാക്കാം. ടോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷയിന്‍ കൃഷി വകുപ്പ് സ്വീകരിച്ച തുടര്‍ നടപടികളും അറിയാം. നിലവില്‍ ഒരു ജില്ലയില്‍ ഒരാള്‍വീതം 14 കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കാര്‍ഡ് വിതരണം ചെയ്തത്. തുടര്‍ന്ന് സ്ഥലപരിശോധനകള്‍ ഉള്‍പ്പെടെ നടത്തി എല്ലാവര്ക്കും കാര്‍ഡ് നല്‍കും.
തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍
സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും കാര്‍ഡ് ലഭിക്കും. കൃഷി വകുപ്പിന്റെ കതിര് ആപ്പ് മുഖേനയാണ് രജിസ്ട്രേഷന്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൃഷിഭവനുകള്‍ ഓണ്‍ലൈനില്‍ പരിശോധിച്ച് അംഗീകാരം നല്‍കും.
കൃഷി അസിസ്റ്റന്റുമാര്‍ ഇത് കൃഷി ഓഫീസറുടെ ലോഗിനിലേക്ക് അയയ്ക്കും. തിരുത്തല്‍ ആവശ്യമാണെങ്കില്‍ തിരിച്ചയയ്ക്കാനും വിവരങ്ങള്‍ ശരിയെങ്കില്‍ അപേക്ഷ അംഗീകരിക്കാനുമുള്ള സൗകര്യം കൃഷി ഓഫീസര്‍മാരുടെ ലോഗിനിലുണ്ട്.
കൃഷിഭവന്റെ അംഗീകാരം ലഭിച്ചാല്‍ ആപ്പില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് കര്‍ഷകര്‍ക്ക് കാര്‍ഡ് ഉപയോഗിക്കാം. ഇത് പ്രിന്റ് എടുത്തും ഉപയോഗിക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നാണ് കതിര് ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
ആപ്പില്‍ നല്കുന്ന മൊബൈല്‍ നമ്പറിലേക്കു ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. പേര്, മേല്‍വിലാസം, കൃഷിഭവന്, വാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
കര്‍ഷകന്റെ കൃഷി സ്ഥലവും രജിസ്റ്റര്‍ ചെയ്യണം. അതിനായി ആപ്പില്‍ വരുന്ന സാറ്റലൈറ്റ് മാപ്പില്നിന്ന് കൃഷിയിടത്തിന്റെ വിവരങ്ങളും കൃഷിയിടത്തിന്റെ ഫോട്ടോയും സഹിതം സമര്‍പ്പിക്കണം. സൈറ്റില്‍ കാര്‍ഷിക മേഖല എന്ന ഭാഗം ക്ലിക്ക് ചെയ്ത് കൃഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നല്‍കണം.
കതിര് ആപ്പിലെ പ്രധാന പേജില്‍ കാണുന്ന കര്‍ഷക ഐഡി കാര്‍ഡിന് അപേക്ഷിക്കുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് കര്ഷകന് രജിസ്ട്രേഷന് സമയത്ത് നല്കിയ വിവരങ്ങള്‍ അടങ്ങിയ പേജിലേക്ക് പ്രവേശിക്കാം.
ഈ പേജില്‍ നല്കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തി കര്‍ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ എന്നിവ നല്‍കണം. തുടര്‍ന്ന് കര്‍ഷകന്റെ ഫോട്ടോയും നല്‍കണം. ഇവ കാമറ വഴിയോ ഗാലറിയില്നിന്നോ നല്‍കാം. ഇതു പൂര്‍ത്തിയാക്കിയാല്‍ അപേക്ഷ സമര്‍പ്പിച്ചതായി സന്ദേശം ലഭിക്കും. പീന്നിട് അപേക്ഷയുടെ നടപടികള്‍ ഐ ഡി കാര്‍ഡ് സ്റ്റാറ്റസ് പരിശോധിച്ചറിയാം.