ശര്‍മിള അനാഥ; സുഭദ്രയ്ക്കൊപ്പം താമസിച്ചിരുന്നു
Wednesday, September 11, 2024 1:46 AM IST
കൊച്ചി: ചെറുപ്രായത്തിലെ അനാഥയായ ശര്‍മിള മംഗളൂരുവിലെ അനാഥാലയത്തിലാണു വളര്‍ന്നത്. പ്രായപൂര്‍ത്തിയായതിനു പിന്നാലെ പലയിടങ്ങളിലും ജോലിചെയ്തു വരികയായിരുന്നു. പിന്നീട് എട്ടു വര്‍ഷം മുമ്പ് കൊച്ചിയിലെത്തി.
സുഭദ്ര പണം പലിശയ്ക്കു നല്‍കിയിരുന്ന കടവന്ത്രയിലെ ഒരു ലോഡ്ജില്‍ ശുചീകരണ ജോലിക്കെത്തിയതോടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. പന്നീട് ശര്‍മിള സുഭദ്രയ്ക്കൊപ്പം താമസവും തുടങ്ങി. ഏറെക്കാലം ഇരുവരും ഒരുമിച്ചായിരുന്നു.
ലോഡ്ജ് നടത്തിപ്പുകാരുമായി ഉടക്കിയതിനുശേഷം സുഭദ്ര അയല്‍വാസി മുഖേന ശര്‍മിളയ്ക്ക് കടവന്ത്രയിലെ ഒരു കടയില്‍ ജോലി സംഘടിപ്പിച്ചുനല്കിയിരുന്നു. ശര്‍മിള ട്രാന്സ്ജെന്ഡറാണോയെന്ന സംശയം സുഭദ്രയ്ക്കുണ്ടായിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചതിന്റെ പേരില്‍ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പായിരുന്നു നിഥിനുമായുള്ള (മാത്യൂസ്) ശര്‍മിളയുടെ വിവാഹം. ഇതിനുശേഷം ഇവരെ സുഭദ്രയ്ക്കൊപ്പം കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ശര്‍മിളയ്ക്കൊപ്പം സുഭദ്ര ഉഡുപ്പി ക്ഷേത്രദര്‍ശനം നടത്തിയതായും വിവരമുണ്ട്.