ഇഎസ്എ വിഷയം: സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് കർഷക സംഘടനകൾ
Tuesday, September 10, 2024 1:48 AM IST
പാലക്കാട്: ഇഎസ്എ വിഷയത്തിൽ സർക്കാർ പുലർത്തുന്ന നിസംഗതയും നിശബ്ദതയും അവസാനിപ്പിക്കണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ ഇഎസ്എ പ്രദേശങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഗളി, പുതൂർ, ഷോളയൂർ, കാത്തിരപ്പുഴ, തെങ്കര, കരിമ്പ പഞ്ചായത്തുകളുടെ പ്രതിനിധികളും വിവിധ കർഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വിഡിയോ കോൺഫറൻസ് വഴി തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പരിസ്ഥിതി ഡിപ്പാർട്ട്മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി എംഎൽഎയും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.
ഇപ്പോൾ കേന്ദ്രം നല്കിയിരിക്കുന്ന ഭൂപടം കേരള സർക്കാർ നല്കിയതല്ലെന്നും സംസ്ഥാന സർക്കാർ പഞ്ചായത്തുകളുടെ സഹായത്തോടെ പൂർത്തിയാക്കുന്ന ഭൂപടം 13ന് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും കോൺഫറൻസിൽ സംസാരിച്ച ഉദ്യോഗസ്ഥർ കർഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
ഇഎസ്എ ഭൂപടനിർമാണത്തിന് വനം, റവന്യു വകുപ്പിൽനിന്ന് കൃത്യമായ ബൗണ്ടറി സ്കെച്ച് ലഭിച്ചിട്ടില്ലെന്നു കർഷകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളം തയാറാക്കിയ ഭൂപടം ഗൂഗിൾ എർത്തിന്റെ സഹായത്തോടെയാണെന്നും അതിൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പഞ്ചായത്തിന്റെ സഹായത്തോടെ അത് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ഇതാണ് അറിയേണ്ടത്
►13ന് സംസ്ഥാനം നല്കുന്ന റിപ്പോർട്ടിൽ കൃഷിസ്ഥലങ്ങളും ജനവാസമേഖലയും ഉണ്ടാകുമോ?
►കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്റെ ഭൂപടമനുസരിച്ച് ഈ മാസം 30 വരെ കേന്ദ്രത്തിന് പരാതികൾ അറിയിക്കാൻ അവസരം നൽകിയിരിക്കേ കേരളം 13ന് നല്കുന്ന റിപ്പോർട്ടിന്റെ പ്രസക്തി എന്താണ്?
►ഇഎസ്എ അല്ലാത്ത വില്ലേജുകൾ എങ്ങനെ ഇഎസ്എ ഭൂപടത്തിൽ ഉൾപ്പെട്ടു?
►വനം, റവന്യു വകുപ്പുകൾക്ക് എന്തുകൊണ്ടാണ് കൃത്യമായ ബൗണ്ടറി മാപ്പ് നല്കാൻ കഴിയാത്തത്?
►കേരളം അന്തിമമായി തയാറാക്കുന്ന ഭൂപടം പഞ്ചയത്തുകൾക്ക് പരിശോധിക്കാൻ അവസരം നൽകുമോ?
►കേന്ദ്രം ആവശ്യപ്പെടുന്ന ഇഎസ്എ പ്രദേശങ്ങളുടെ തുടർച്ചയ്ക്കായി റവന്യുഭൂമി ഭൂപടത്തിൽ ഉൾപ്പെടുത്തുമോ?
►1977വരെ കർഷകർ കൈവശംവച്ചിരുന്ന ഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ വാങ്ങിയ അപേക്ഷയിൽപെട്ട ഭൂമി ഇഎസ്എയിൽനിന്ന് ഒഴുവാക്കുമോ?
പരിസ്ഥിതിലോല വിഷയത്തിൽ കേരളം ഇതുവരെയും റിപ്പോർട്ട് നല്കിയിട്ടില്ല എന്ന കേന്ദ്രത്തിന്റെ വാദത്തെ കേരളം അംഗീകരിക്കുമോ?
►പരിസ്ഥിതി വകുപ്പ് പറയുംപോലെ ഇഎസ്എ വരുന്നതുകൊണ്ട് സാധാരണ കർഷകർക്ക് യാതൊരു പ്രശ്നവും ഇല്ലെങ്കിൽ എന്തിനാണ് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ പരിസ്ഥിതി ലോലത്തിൽ ഉൾപ്പെട്ടതല്ല എന്ന് എഴുതുന്നത്?
►ലോണിനായി ബാങ്കുകളെ സമീപിക്കുമ്പോൾ ഇഎസ്എയിലാണെങ്കിൽ ലോണില്ലെന്നു പറയുന്നത്?
►ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാരാണെന്ന് കർഷക സംഘടനാ നേതാക്കൾ പറയുന്നു. പരിഹരിക്കേണ്ടത് സംസ്ഥാനത്തെ 131 വില്ലേജുകളിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ആശങ്കയാണെന്നും അവർ ചൂണ്ടിക്കാട്ടി.