മറഞ്ഞു... കേരളസഭയുടെ പാണ്ഡിത്യശോഭ
Tuesday, September 10, 2024 1:48 AM IST
സിജോ പൈനാടത്ത്
കൊച്ചി: പാണ്ഡിത്യവും ലാളിത്യവും സമം ചേര്‍ന്നൊരു ആത്മീയജീവിത സപര്യകൂടി യാത്രാമൊഴി ചൊല്ലി. സഭാപഠനങ്ങളില്‍ ഉയരുന്ന ആഴമുള്ള ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരങ്ങള്‍ സൗമ്യമായ ഭാഷയില്‍ പറഞ്ഞുതരാന്‍ ഇനി കുരുക്കൂരച്ചനില്ല..!
വിവിധ കാലഘട്ടങ്ങളില്‍ മാര്‍പാപ്പമാരുടെ ചാക്രികലേഖനങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളും മലയാളികളധികവും വായിച്ചത് റവ. ഡോ. ജോര്‍ജ് കുരുക്കൂരിന്റെ തര്‍ജമകളിലൂടെയും പഠനങ്ങളിലൂടെയുമായിരുന്നുവെന്ന് അറിയുമ്പോള്‍ അദ്ദേഹം കേരളസഭയുടെ അഭിമാനമായിരുന്നു എന്നുകൂടിയാണ് അര്‍ഥം.
കോതമംഗലം രൂപതാ വൈദികനെങ്കിലും മൂന്നു പതിറ്റാണ്ടിലധികം ഫാ. ജോര്‍ജ് കുരുക്കൂരിന്റെ വാസവും സേവനവും കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകേന്ദ്രമായ കൊച്ചി പാലാരിവട്ടത്തെ പിഒസിയായിരുന്നു. 1990 ജൂണ്‍ 22 നാണ് ഫാ. കുരുക്കൂരിന്റെ പിഒസി ജീവിതം ആരംഭിക്കുന്നത്. റേരും നൊവാരും ഉള്‍പ്പെടെ സഭയുടെ സുപ്രധാനമായ ഔദ്യോഗിക പ്രബോധനങ്ങള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തി.
പല ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ മികവ് പുലര്‍ത്തിയ വൈദികനാണു ഫാ. കുരുക്കൂര്‍. സംസ്കൃതം പഠിച്ചവര്‍ക്ക് ലത്തീനും ഗ്രീക്കും മറ്റു യൂറോപ്യന്‍ ഭാഷകളും പഠിക്കാന്‍ എളുപ്പമാണെന്ന് ഫാ. കുരുക്കൂര്‍ ഇടയ്ക്കിടെ പറയുമായിരുന്നു. ബൃഹത്തായ പുസ്തകശേഖരവും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനു തിളക്കം കൂട്ടി.
പിഒസിയിലെ വൈദികരും കേരളസഭയിലെ പണ്ഡിതരും ഫാ. കുരുക്കൂരിനെ സ്നേഹപൂര്‍വം ഗുരുജി എന്നു വിളിച്ചു. പിഒസിയുടെ ഓരോ സ്പന്ദനങ്ങളും കുരുക്കൂരച്ചന്റേതുകൂടിയായിരുന്നു.
പിഒസിയുടെയും സഭയുടെയും ഏത് ആവശ്യത്തിനും എപ്പോഴും ലഭ്യമാകുന്നതിനും ഏതു സംശയങ്ങള്‍ക്കും ഉത്തരമേകുന്നതിനും ഫാ. കുരുക്കൂര്‍ പുലര്‍ത്തിയ ശ്രദ്ധ വൈദികസമൂഹത്തിനാകെ മാതൃകയാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. 2021 ലാണ് വിശ്രമജീവിതത്തിനായി ഫാ. കുരുക്കൂര്‍ മാതൃരൂപതയിലേക്കു മടങ്ങിയത്.
സവിശേഷ ശുശ്രൂഷകള്‍
വത്തിക്കാന്‍ രേഖകളുടെ വിവര്ത്തകന്, പിഒസി അസി. ഡയറക്ടര്‍, പിഒസി പബ്ലിക്കേഷന്‍സിന്റെ ജനറല്‍ എഡിറ്റര്‍, അധ്യാപകന്, താലന്ത് എഡിറ്റര്‍, എന്നീ നിലകളില്‍ ഫാ. കുരുക്കൂര്‍ സേവനം ചെയ്തു.
മാര്‍പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍, അപ്പസ്തോലിക പ്രബോധനങ്ങള്‍ തുടങ്ങി ഇരുനൂറോളം ഡോക്യുമെന്റുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പിഒസി ബൈബിളിന്റെ തര്‍ജമയിലും അദ്ദേഹം സഹകാരിയായിരുന്നു. മതബോധന പുസ്തകങ്ങളും സന്മാര്ഗപാഠാവലികളും എഡിറ്റ് ചെയ്തിട്ടുണ്ട്.
‘ക്രൈസ്തവ ശബ്ദകോശം’, സംസ്ഥാന സര്‍ക്കാരിന്റെ ചരിത്ര കൗണ്‍സില്‍ പുരസ്കാരം നേടിയ ‘ഒരു വംശവും പലനാടുകളും’ തുടങ്ങി പത്തു കൃതികള്‍ രചിച്ചു.