കോഴിക്കോട്ട് ലുലു മാള്‍ തുറന്നു
Monday, September 9, 2024 3:51 AM IST
കോഴിക്കോട്: മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി ലുലു മാള്‍ കോഴിക്കോട് മാങ്കാവില്‍ തുറന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണു മാള്‍ ഒരുക്കിയിരിക്കുന്നത്.
കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറിന്റെ വികസനമുന്നേറ്റത്തിന് എം.എ. യൂസഫലി നല്കുന്ന പിന്തുണയുടെ നേര്‍സാക്ഷ്യമാണ് പുതിയ മാളെന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങള്ക്കുകൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിലേക്ക് ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി വ്യക്തമാക്കി. മികച്ച നിലവാരത്തിലുള്ള ഹോട്ടല്‍ കോഴിക്കോട് യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നു രാവിലെ 11 മുതല്‍ ഉപഭോക്താക്കള്‍ക്കു മാളില്‍ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ലുലു ഫിനാന്‍ഷല്‍ ഗ്രൂപ്പ് എംഡി ആന്‍ഡ് സിഇഒ അദീബ് അഹമ്മദ്, ഐടി സംരംഭകന് ഷരൂണ്‍ ഷംസുദ്ദീന്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷ്റഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്, ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്സ് തുടങ്ങിയവരും പങ്കെടുത്തു.