ഗുരുവായൂർ അന്പലനടയിൽ റിക്കാർഡ് വിവാഹം
Monday, September 9, 2024 3:51 AM IST
ഗുരുവായൂർ: ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്നലെ നടന്നത് 334 വിവാഹങ്ങൾ. ചിങ്ങമാസത്തിലെ പ്രധാന മുഹൂർത്തദിവസമായ ഇന്നലെ 354 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും 334 എണ്ണമാണു നടന്നത്. പുലർച്ചെ നാലുമുതൽ ഉച്ചയ്ക്ക് 12.35 വരെയുള്ള സമയത്തിനിടെ ആറു മണ്ഡപങ്ങളിലായിരുന്നു താലികെട്ട്.
ദേവസ്വവും നഗരസഭയും ഫലപ്രദമായി ഇടപ്പെട്ടതോടെ ക്ഷേത്രസന്നിധിയിൽ വിവാഹമാമാങ്കം നടന്നിട്ടും ഭക്തരെ വലയ്ക്കുന്ന തിരക്കനുഭവപ്പെട്ടില്ല. സാധാരണപോലെ ഈ ദിവസത്തേയും കടത്തിവിടാൻ അധികൃതർക്കു കഴിഞ്ഞു.
വിവാഹങ്ങളുടെ എണ്ണം റിക്കാർഡ് ആകുമെന്നു വ്യക്തമായതോടെ അധികൃതർ കൃത്യമായ മുന്നൊരുക്കം നടത്തിയിരുന്നു. ദേവസ്വം നാലു വിവാഹമണ്ഡപങ്ങൾക്കൊപ്പം രണ്ടെണ്ണംകൂടി അധികമായി ഒരുക്കി. പുലർച്ചെ നാലിനു വിവാഹങ്ങൾ തുടങ്ങി. ഒരേസമയം ആറു താലികെട്ട് നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ ഒരോ സംഘത്തിലും 24 പേരെ മാത്രമാണു മണ്ഡപത്തിനു സമീപത്തേക്കു കടത്തിവിട്ടത്.
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തെ പന്തലിൽ വധൂവരന്മാരെയും ബന്ധുക്കളെയും പ്രവേശിപ്പിച്ചു. ഒരോ വിവാഹസംഘത്തിനും ടോക്കൺനൽകി സമയക്രമംപാലിച്ചു. വിവാഹച്ചടങ്ങു കഴിയുന്നവരെ കിഴക്കേദീപസ്തംഭംവഴി തെക്കേനടപ്പുരയിലേക്കു കടത്തിവിട്ടു. രാവിലെ 10.40 ആയപ്പോഴേക്കും 317 വിവാഹങ്ങൾ പൂർത്തിയായിരുന്നു.
റോഡിന്റെ വശങ്ങളിൽ പാർക്കിംഗ് അനുവദിച്ചില്ല. മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾക്കു പുറമേ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ താത്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കി. ഇതോടെ പാർക്കിംഗ് സുഗമമായി. പുലർച്ചെ മുതൽ എല്ലാ പ്രധാനകേന്ദ്രങ്ങളിലും പോലീസ് സാനിധ്യമുണ്ടായി. വൺവേ സംവിധാനം കർശനമായി നടപ്പിലാക്കി. സ്ഥിരം ഗതാഗതക്കുരുക്കുണ്ടാകാറുള്ള കൈരളി-മമ്മിയൂർ ജംഗ്ഷൻ റോഡിൽപോലും തിരക്കൊഴിവാക്കാനായി.
നഗരസഭയിൽ വിവാഹ രജിസ്ട്രേഷന് കുടുതൽ ജീവനക്കാരെ നിയോഗിച്ച് സൗകര്യമൊരുക്കി. ദേവസ്വം അഡ്മിനിസ്ട്രറ്റേർ കെ.പി. വിനയൻ, ഗുരുവായൂർ എസിപി ടി.എസ്. ഷിനോജ് എന്നിവർ പുലർച്ചെ നാലു മുതൽ ക്ഷേത്ര സന്നിധിയിലെത്തി ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.