അജിത്കുമാർ ദത്താത്രേയയെ കണ്ടത് എന്തിനെന്നറിയില്ല: എ. വിജയരാഘവന്
Sunday, September 8, 2024 2:25 AM IST
തൃശൂർ: ക്രമസമാധാനപാലനചുമതലയുള്ള ഉദ്യോഗസ്ഥനായ എം.ആര്. അജിത്കുമാർ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെ കണ്ടത് എന്തിനാണെന്നറിയില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ കാരണമറിയാതെ പ്രതികരിക്കാനാകില്ല. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം അറിഞ്ഞിട്ടും വി.ഡി. സതീശന് പതിനാറു മാസം ഒളിപ്പിച്ചുവച്ചതെന്തിനാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ട്. ആർഎസ്എസും സിപിഎമ്മും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ കോൺഗ്രസ് നീക്കം നടത്തുകയാണ്. എന്നാൽ യാഥാർഥ്യം തിരിച്ചാണ്.
ആർഎസ്എസിനെ എക്കാലത്തും ശക്തമായി എതിർക്കുന്നതു സിപിഎമ്മാണെന്നു ജനങ്ങൾക്ക് അറിയാം. എല്ലാ രംഗത്തും ആർഎസ്എസ് കെട്ടഴിച്ചുവിട്ട അക്രമോത്സുകതയെ കൃത്യമായി പ്രതിരോധിച്ചു തോല്പിച്ചതാണ് സിപിഎമ്മിന്റെ ചരിത്രം. 200ൽ അധികം സിപിഎം പ്രവർത്തകർ ആ പോരാട്ടത്തിൽ ജീവൻ നൽകിയിട്ടുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയഗതിയിൽ ഒരു സന്ദർഭത്തിലും ആർഎസ്എസുമായി ഏതെങ്കിലുംതരത്തിലുള്ള നീക്കുപോക്കുകൾക്കു തയാറാവാതിരുന്ന പാർട്ടിയാണ് സിപിഎം.
അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ മതനിരപേക്ഷനിലപാടിനെക്കുറിച്ച് കേരളത്തിലെ ആർക്കും അവിശ്വാസം ഉണ്ടാകില്ല. എന്നാൽ ആർഎസ്എസും സിപിഎമ്മും തമ്മിൽ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ നീക്കം നടത്തുന്ന കോൺഗ്രസ് ആർഎസ്എസുമായി സ്ഥിരമായി വോട്ടുകച്ചവടം നടത്തിയവരാണ്. ഇത്തരത്തിൽ വോട്ടുകച്ചവടം നടത്താത്ത ഒരാൾപോലും കോൺഗ്രസ് നേതൃനിരയിലില്ല.
തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചപ്പോൾ കോൺഗ്രസിന്റെ 86,000 ത്തിലധികം വോട്ട് കാണാനില്ലെന്നും ഈ വോട്ടുകൾ കോൺഗ്രസുകാർ കൊടുത്തതാണെന്നും വിജയരാഘവൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസും പങ്കെടുത്തു.