മലയോര ടൂറിസം മേഖലകളില്‍ പഠനം നടത്തണം: ഹൈക്കോടതി
Saturday, September 7, 2024 2:15 AM IST
കൊച്ചി: സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളില്‍ ഒരേസമയം എത്ര ആളുകളെ ഉള്ക്കൊള്ളാനാകുമെന്നതു സംബന്ധിച്ച് പഠനം നടത്തണമെന്നു ഹൈക്കോടതി. തിരക്ക് ഹില്‍ സ്റ്റേഷനുകളെ നശിപ്പിക്കുന്ന അവസ്ഥയുണ്ട്.
ഓരോ മേഖലയിലും സാധ്യമായ താമസസൗകര്യം, ജലം, വൈദ്യുതി ലഭ്യത, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയും ടൂറിസം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്നതും പരിശോധിക്കണമെന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
മൂന്നാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. വയനാട് ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
കോടതിയെ അറിയിച്ചു മാത്രമേ വയനാട് തുരങ്കപാത നിര്‍മാണം ആരംഭിക്കാവൂവെന്ന് ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശിച്ചു. പാത നിര്‍മാണത്തിന്റെ ശാസ്ത്രീയ വശങ്ങള് അറിയില്ലെന്നും ഇക്കാര്യത്തിലെ സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണു നിര്‍മാണം തുടങ്ങുമ്പോള്‍ അറിയിക്കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവച്ചത്.
വയനാട് ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പിലുണ്ടായിരുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലേക്കും വീടുകളിലേക്കും മാറ്റിയതായി അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്ലും തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ ഏഴു വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം ഉടന്‍ വയനാട്ടില്‍ പരിശോധനയ്ക്കായി എത്തും. കൂടുതല്‍ സഹായത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും.
വയനാട് ദുരന്തബാധിത മേഖലയിലുള്ളവരുടെ ബാങ്ക് വായ്പയുടെ കാര്യത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കുന്നതു പരിഗണിക്കണമെന്ന് അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിലടക്കം വിശദീകരണത്തിന് സോളിസിറ്റര്‍ ജനറല്‍ എ.ആര്.എല്‍. സുന്ദരേശന് ആറാഴ്ച സമയം തേടി. ക്യാമ്പിലുണ്ടായിരുന്നവര്ക്കുവേണ്ടി ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെ പരാതിപരിഹാര സെല്ലും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
വായ്പകളുടെ മോറട്ടോറിയം അടക്കമുള്ള കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ ഏഴു വര്‍ഷം കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ തന്നെ തീരുമാനമെടുക്കാന്‍ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.