നെൽകർഷകർക്കുള്ള കുടിശിക ; 200 കോടി ഓണത്തിന് വിതരണം ചെയ്യണം: മോൻസ് ജോസഫ്
Saturday, September 7, 2024 1:54 AM IST
കോട്ടയം: കഴിഞ്ഞ വർഷം നെല്ല് സംഭരിച്ച ഇനത്തിൽ കൃഷിക്കാർക്കു കൊടുത്തുതീർക്കാനുള്ള കുടിശികയായ 200 കോടി രൂപ ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസിന്റെയും കേരള കർഷക യൂണിയന്റെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് പാഡി ഓഫീസിന് മുമ്പിൽ നടത്തിയ സംസ്ഥാനതല കർഷക സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെല്ല് സംഭരിച്ച ശേഷം വർഷങ്ങളോളം പണം കൊടുക്കാതെ കഷ്ടപ്പെടുത്തുന്നതിലൂടെ അടുത്ത കൃഷിയിറക്കാൻ കഴിയാതെ നെൽകർഷകരെ ദുരിതത്തിലാക്കുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടർച്ചയായി നടപ്പാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ കെ.എഫ്. വർഗീസ്, തോമസ് കണ്ണംന്തറ, മാഞ്ഞൂർ മോഹൻകുമാർ, പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, എ.കെ. ജോസഫ്, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, കർഷക യൂണിയൻ സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസ് ജയിംസ് നിലപ്പന തുടങ്ങിയവർ പ്രസംഗിച്ചു.