ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട, രണ്ടു പേർ അറസ്റ്റിൽ
Saturday, September 7, 2024 1:54 AM IST
ചാലക്കുടി: ദേശീയപാതയിലൂടെ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന സ്പിരിറ്റ് പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കൽ വീട്ടിൽ സച്ചു (32) വിനെ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമയുടെ മേൽനോട്ടത്തിലാണ് പോലീസ് ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്.
അതിവേഗത്തിൽ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ആശ്രമം സിഗ്നൽ ജംഗ്ഷനോടുചേർന്ന് നടത്തിയ വാഹനപരിശോധനയിലാണു കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്.
ഡ്രൈവറെ ചോദ്യംചെയ്തതിൽ കൊച്ചിയിലേക്കു കൊണ്ടുപോകുകയായിരുന്നു എന്നു സമ്മതിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ലാലൂരിലെ ഒരു വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 5500 ലിറ്ററോളം സ്പിരിറ്റും പിടികൂടുകയായിരുന്നു.
വീടു വാടകയ്ക്കെടുത്ത് സ്പിരിറ്റ് കച്ചവടത്തിന് ഒത്താശചെയ്തിരുന്ന വാടാനപ്പിള്ളി സ്വദേശിയായ മണികണ്ഠൻ എന്നയാളെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠനെതിരേ രണ്ടു കൊലപാതക കേസ് അടക്കം നിരവധി കേസുകളുണ്ട്.