മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശം; തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേട് വ്യാപകം
Saturday, September 7, 2024 12:01 AM IST
കോഴിക്കോട്: തൊഴിലുറപ്പു പദ്ധതിയിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഗ്രാമപഞ്ചായത്തുകൾക്കു മുന്നറിയിപ്പു നൽകി തദേശ സ്വയംഭരണ വകുപ്പ്.
തൊഴിലാളികൾ ഏറ്റെടുത്തു നടത്തേണ്ട ആസ്തിനിർമാണ പ്രവൃത്തികൾ ചില പഞ്ചായത്തുകൾ കരാറുകാരെ ഏല്പിച്ചതടക്കമുള്ള ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി.
ആസ്തിനിർമാണം പാതിവഴിയിലുപേക്ഷിച്ച് പണംതട്ടുക, നിലവിലുള്ള ആസ്തികളുടെ പുനർനിർമാണം നടത്തുക, അർഹതയില്ലാത്തവരുടെ ഭൂമിയിൽ നിർമാണപ്രവൃത്തി നടത്തുക തുടങ്ങിയ ക്രമക്കേടുകളും വർധിച്ചുവരുന്നതായാണു കണ്ടെത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വ്യക്തിഗത ആസ്തി നിർമാണ പ്രവൃത്തികളിൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, സ്ത്രീകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങൾ, ശാരീരിക വൈകല്യമുള്ളവർ ഗൃഹനാഥന്മാരായിട്ടുള്ള കുടുംബം, ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ എന്നിങ്ങനെയുള്ള മുൻഗണനാ വിഭാഗങ്ങൾക്കു തൊഴിലുറപ്പിന്റെ ആനുകൂല്യം നൽകിക്കഴിഞ്ഞ ശേഷമേ ചെറുകിട -നാമമാത്ര കർഷകർക്കും മറ്റും വ്യക്തിഗത ആനുകൂല്യം നൽകാൻ പാടുള്ളുവെന്നു തദ്ദേശ സ്വയംഭരണവകുപ്പ് പഞ്ചായത്തുകൾക്കു നിർദേശം നൽകി. ഗുണഭോക്തൃ കുടുംബത്തിന്റെ മുഖ്യ വരുമാനമാർഗം കൃഷി-അനുബന്ധ മേഖലകളിൽനിന്നാണെന്ന് ഉറപ്പുവരുത്തുകയും വേണം.
വ്യക്തിഗത ആസ്തികളുടെ നിർമാണം പൂർത്തീകരിക്കാതെ ഗുണഭോക്താവിനു പണം പൂർണമായും നൽകിയതായി സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവരിൽനിന്നു തുക തിരിച്ചുപിടിക്കണമെന്നും പഞ്ചായത്തുകൾക്കു നിർദേശം ലഭിച്ചിട്ടുണ്ട്.
പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകാൻ കാലതാമസം വരുത്തുന്നതു ഗുണഭോക്താക്കൾക്ക് തുക നൽകാൻ കാലവിളംബമുണ്ടാക്കുന്നുവെന്ന പരാതി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.