റിദാൻ ബാസിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ സുജിത് ദാസിന്റെ പങ്ക് അന്വേഷിക്കണം: അൻവർ
Saturday, September 7, 2024 12:01 AM IST
മലപ്പുറം: എടവണ്ണ സ്വദേശി റിദാന്‍ ബാസില്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെയും അദ്ദേഹത്തിന്റെ ഡാന്‍സാഫ് സംഘത്തിന്റെയും പങ്ക് അന്വേഷിക്കണമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ.
കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുമായി റിദാന്‍ ബാസിലിന് ബന്ധമുണ്ടായിരുന്നു. പോലീസിനെതിരേ ഒട്ടേറെ തെളിവുകള്‍ റിദാന്റെ ഫോണില്‍ ഉണ്ടായിരുന്നെന്നാണു സംശയം. അതു കൈക്കലാക്കാന്‍ എത്തിയവരാകാം റിദാനെ കൊലപ്പെടുത്തിയത്. റിദാന്റെ ഫോണ്‍ ഇതുവരെയും കണ്ടെടുത്തിട്ടില്ല. ഇക്കഴിഞ്ഞ പെരുന്നാളിന്റെ തലേദിവസമാണു റിദാന്‍ കൊല്ലപ്പെട്ടത്.
അന്നു രാത്രി സുഹൃത്ത് ഷാനിനൊപ്പം പുറത്തുപോയ റിദാന്‍ പിന്നീട് തിരികെ വന്നില്ല. ഷാനുമായി റിദാന്റെ ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണു കൊലപാതകമെന്നും സ്ഥാപിക്കാനായി ഭര്‍ത്താവ് മരിച്ച് മൂന്നാംദിവസം റിദാന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചു.
എന്നാല്‍ റിദാന്റെ കുടുംബം പോലീസിനെ വിശ്വാസത്തിലെടുത്തിട്ടില്ല. അവിഹിതബന്ധം സമ്മതിപ്പിക്കാനായി മൂന്നു ദിവസം ഭക്ഷണം നല്‍കാതെയും ഉറങ്ങാന്‍ സമ്മതിക്കാതെയും അല്പം വെള്ളം മാത്രം നല്കി മര്‍ദിച്ചതായും ഷാന്‍ തന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ട്.
റിദാന്റെ ഭാര്യ സഹോദരിയെപ്പോലെയാണെന്നും മറ്റെന്തും സമ്മതിക്കാമെന്നുമായിരുന്നു ഷാനിന്റെ നിലപാട്. തുടര്‍ന്നാണ് ഷാന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞത്. റിദാന്റെ മൃതദേഹം കണ്ടെത്തിയ ദിവസം പോലീസ് പ്രദേശമാകെ അരിച്ചുപെറുക്കിയിട്ടും തെളിവ് കണ്ടെത്തിയിരുന്നില്ല. നാലാം ദിവസമാണു ഷാനിന്റെ വീട്ടിലെ വിറകുപുരയില്‍നിന്ന് തോക്ക് പോലീസിനു ലഭിച്ചത്.
സൗദിയില്‍ ഷാനിനൊപ്പം ജോലി ചെയ്തിരുന്ന രണ്ട് യുപിക്കാരെ ബന്ധപ്പെട്ട് അവര്‍ തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്കിയെന്നു വരുത്തിത്തീര്‍ത്ത് കേസ് അവസാനിപ്പിക്കുകയായിരുന്നു. കേസില്‍ തുടരന്വേഷണമോ സിബിഐയുടെ അന്വേഷണമോ വേണമെന്ന് റിദാന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പിടികൂടുന്നത്. പിടികൂടുന്നവരെ കസ്റ്റംസിനു കൈമാറാറില്ല. 102 സിആര്‍പിസി പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്വര്‍ണ കള്ളക്കടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റര്‍ ചെയ്യേണ്ടത്. കരിപ്പൂരില്‍ പിടിക്കുന്ന സ്വര്‍ണത്തില്‍ വലിയൊരു പങ്ക് പോലീസ് കൈക്കലാക്കുന്നു.
രാത്രി പത്തു കഴിഞ്ഞാല്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കടകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാതെ ഉത്തരവിറക്കിയത് മലപ്പുറം മുന്‍ എസ്പി സുജിത് ദാസാണ്. പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനായിരുന്നു ഈ പരിപാടിയെന്നും അന്‍വര്‍ ആരോപിച്ചു.
പോലീസിന്റെ ക്രിമിനലിസത്തില്‍ ഇരകളായവര്‍ക്കു പരാതി അറിയിക്കാന്‍ പി.വി. അന്‍വര്‍ വാട്സ്ആപ്പ് നമ്പര്‍ പുറത്തുവിട്ടു. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകള്‍ ജനങ്ങള്‍ക്ക് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.