സ്പെഷല്‍ സ്കൂളുകള്‍ പ്രതിസന്ധിയില്‍; 11ന് സെക്രട്ടേറിയറ്റ് ഉപവാസം
Saturday, September 7, 2024 12:01 AM IST
കോട്ടയം: സ്പെഷല്‍ സ്കൂളുകളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മാനേജ്മെന്റുകള്‍ രക്ഷിതാക്കളയെും ജീവനക്കാരെയും പങ്കെടുപ്പിച്ച് 11ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസസമരം നടത്തും.
അസോസിയേഷന് ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ്, പേരന്റ്സ് അസോസിയേഷന് ഓഫ് ഇന്റലക്ച്വലി ഡിസേബിള്‍ഡ്, സ്പെഷല്‍ സ്കൂള്‍ എംപ്ലോയീസ് യൂണിയന്, അസോസിയേഷന് ഫോര്‍ ദ വെല്‍ഫെയര്‍ ഓഫ് സ്പെഷല്‍ സ്കൂള്‍ സ്റ്റാഫ്, സ്പെഷല്‍ ഒളിമ്പിക്സ് ഭാരത്, കേരള, മാനേജ്മെന്റ് അസോസിയേഷന് ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമരം.
കഴിഞ്ഞ പാക്കേജിലെ തുക വിതരണം ചെയ്തതിലെ അപാകതകളെത്തുടര്‍ന്നു പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ബഡ്സ് സ്കൂളുകളില്‍ 18 വയസിനു താഴെയുള്ള ഒരു കുട്ടി മാത്രമേ ഉള്ളൂവെങ്കിലും ആര്പിഡബ്യുഡി രജിസ്ട്രേഷന് നല്‍കും.
എന്നാല്‍ സ്പെഷല്‍ സ്കൂളില്‍ 18 വയസില്‍ താഴെയുള്ള 20 കുട്ടികളുണ്ടെങ്കില്‍ മാത്രമേ രജിസ്ട്രേഷന് നല്‍കുകയുള്ളുവെന്നാണ് നിലപാട്. ഇത്തരത്തില്‍ കഴിഞ്ഞവര്‍ഷം നാല്പതില്പ്പരം സ്പെഷല്‍ സ്കൂളുകള്‍ക്കാണ് പാക്കേജ് നിഷേധിച്ചത്.
18 വയസ് പൂര്‍ത്തിയായവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് എല്ലാ വര്‍ഷവും തുക വകയിരുത്തുമെങ്കിലും വാഗ്ദാനം മാത്രമായി ഒതുങ്ങുകയാണ്. കുടുംബ പെന്‍ഷനുകളുടെ മാസ വരുമാനം 5000 രൂപയാക്കി കുറച്ചതിനാല്‍ ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിയില്‍നിന്നു പുറത്തായി.
ആശ്വാസകിരണം, നിരാമയ പദ്ധതികള്‍ താളം തെറ്റിയിട്ടു നാളുകളായി. പത്രസമ്മേളനത്തില്‍ സമരസമിതി ചെയര്മാന് ഫാ. റോയി വടക്കേല്‍, പി.കെ. ജോണി, സിസ്റ്റര്‍ അനുപമ, ദീപു എന്നിവര്‍ പങ്കെടുത്തു.