റിപ്പോര്ട്ടിന്മേല് എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരിക്കെയാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദേശം.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവര്‍ നല്കിയ ഹര്‍ജിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടു ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാർ സമർപ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇനി ഈ ഹര്‍ജികളെല്ലാം പുതുതായി രൂപീകരിച്ച പ്രത്യേക ബെഞ്ചാകും പരിഗണിക്കുക.