അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സമരപരമ്പര: സതീശന്
Friday, September 6, 2024 1:51 AM IST
കൊച്ചി: സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാമെന്നാണു കരുതുന്നതെങ്കില്‍ കേരളം മുഴുവന്‍ ആളിപ്പടരുന്ന സമരപരമ്പരകള്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായാണു പോലീസ് മര്‍ദിച്ചത്. ലീസ് വാഹനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയും ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനു നേതൃത്വം നല്‍കിയത് മുന്‍ ഡിവൈഎഫ്ഐ നേതാവായ കന്റോണ്‍മെന്റ് എസ്ഐ ജിജുവാണ്. സിപിഎം നേതാക്കള്‍ക്കെതിരായ ആരോപണത്തിന്റെ പ്രതികാരമായാണു യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് ആക്രമിച്ചത്.
പാര്‍ട്ടിക്കാരായ പോലീസുകാരെ ഉപയോഗിച്ച് സമരങ്ങളെ നേരിട്ടാലും മുഖ്യമന്ത്രിക്കുണ്ടായ കറുത്ത പാട് മായ്ച്ചുകളയാനാകില്ല. അദ്ദേഹത്തിന്റെ ഓഫീസ് തന്നെയാണു കൊലപാതകവും സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും അഴിമതിയും ഉള്‍പ്പെടെ എല്ലാ വൃത്തികേടുകളും ചെയ്യുന്നത്. കോഴിക്കോട് സ്വദേശി മാമിയുടെ കൊലപാതകം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതിനുവേണ്ടി നടത്തിയ കൊലപാതകമാണ് ഇതെന്നു ഭരണകക്ഷി എംഎല്‍എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സതീശന് പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് ആരോപണമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുനേരേ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ബിജെപിയുമായി അവിഹിത ബന്ധമുണ്ടാക്കിയിരിക്കുകയാണ്.
തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാം എന്ന ഉറപ്പ് നല്‍കാനാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി കാണാന്‍ പോയത്. അതിന്റെ തുടര്‍ച്ചയായാണു അജിത് കുമാറിന്റെ തന്നെ സാന്നിധ്യത്തില്‍ തൃശൂർ പൂരം കലക്കിയത്. ഭരണകക്ഷി എംഎല്‍എ പറഞ്ഞതു തെറ്റാണെങ്കില്‍ അയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.