പാലക്കാട് രൂപത സുവർണജൂബിലി ആഘോഷ സമാപനം നാളെ
Friday, September 6, 2024 1:51 AM IST
പാലക്കാട്: പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനു സ്വീകരണവും നാളെ സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടക്കും. രാവിലെ ഒന്പതിനു മേജർ ആർച്ച്ബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും.
തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സഹകാർമികനാകും. പന്ത്രണ്ടു ബിഷപ്പുമാരും 2500 ഓളം അല്മായപ്രതിനിധികളും പങ്കെടുക്കും.
വിശുദ്ധ കുർബാനക്കുശേഷം കത്തീഡ്രൽ സ്ക്വയറിൽ 11.30 നു നടക്കുന്ന പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും.
വി.കെ. ശ്രീകണ്ഠൻ എംപി, മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്, മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ, മരിയൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വൽസ തെരേസ് സിഎച്ച്എഫ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സണ്ണി മാത്യു നെടുന്പുറം എന്നിവർ ആശംസകളർപ്പിക്കും.
ജൂബിലിയോടനുബന്ധിച്ചു നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. രൂപതാചരിത്രപുസ്തകത്തിന്റെ പ്രകാശനം രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടും സുവനീർ പ്രകാശനം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും നിർവഹിക്കും.
പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്വാഗതവും വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ നന്ദിയും പറയും. ഒരുവർഷമായി നടന്നുവന്ന സുവർണജൂബിലി ആഘോഷപരിപാടികൾക്കാണു നാളെ സമാപനം കുറിക്കുന്നത്.