പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ കടുത്ത അനുയായിയുമായ പി. ശശിയ്ക്കെതിരെ ഇപ്പോൾ ഏതെങ്കിലും തരത്തിൽ അച്ചടക്ക നടപടിയുണ്ടായാൽ അതു പിണറായി വിജയനെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാകും സംശയമുനയിൽ നിർത്തുക.
ഇതു സർക്കാരിനും സിപിഎമ്മിനും ഗുണകരമാകില്ല. ചിലപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ഇങ്ങനെയൊരു നീക്കം വഴിവയ്ക്കും. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കാനാണു എം.വി.ഗോവിന്ദന്റെ ആലോചന.
പി.വി.അൻവറിന്റെ പരാതി ഗോവിന്ദൻ സംസ്ഥാനത്തെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി സംസാരിച്ചതായാണു വിവരം. മുഖ്യമന്ത്രിയുമായും ഗോവിന്ദൻ ചർച്ച നടത്തും. ഇതിനുശേഷമാകും പി.ശശിയുടെ കാര്യത്തിൽ നിലപാടെടുക്കുക.
പി.ശശിയ്ക്കെതിരേയുള്ള ആരോപണങ്ങൾ പാർട്ടി നേതൃയോഗങ്ങളിൽ ചർച്ച ചെയ്താൽ വിശദാംശങ്ങൾ പുറത്തുപോകുമെന്ന ഭയം മുഖ്യമന്ത്രിക്കുണ്ട്. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കേണ്ടതില്ലെന്ന അഭിപ്രായമാണു സംസ്ഥാനത്തെ പിബി അംഗങ്ങൾക്കും ഉള്ളത്.
പാർട്ടിതലത്തിൽ അന്വേഷണം നടത്തിയാലും സ്ഥിതി മറിച്ചാകില്ല. കിട്ടുന്ന സന്ദർഭം മുതലാക്കുന്ന രീതിയാണു പൊതുവെ എം.വി. ഗോവിന്ദനുള്ളത്. അതു പി.കെ. ശശിയുടെയും ഇ.പി. ജയരാജന്റെയും കാര്യത്തിൽ കണ്ടതാണ്.
പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റാൻ സാധാരണഗതിയിൽ മുഖ്യമന്ത്രിയോടു ചോദിക്കേണ്ട കാര്യം സിപിഎമ്മിലില്ല. പാർട്ടി തന്നെയാണു പൊളിറ്റിക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. എന്നാൽ, അങ്ങനെയൊരു കടുംപിടിത്തത്തിനു ഗോവിന്ദൻ പോകില്ല.
ഇപിക്കെതിരേയും പി.കെ.ശശിക്കെതിരേയും അച്ചടക്ക നടപടിയെടുക്കാനുള്ള തീരുമാനത്തെ പിണറായി വിജയൻ ഒരുവേളയിലും എതിർത്തില്ല. പിണറായി അത്തരമൊരു നിലപാടു സ്വീകരിക്കുന്പോൾ ശശിയുടെ കാര്യത്തിൽ വളരെ ആലോചിച്ചു മാത്രം തീരുമാനം മതിയെന്ന ധാരണയാണു സംസ്ഥാനത്തെ പിബി അംഗങ്ങൾക്കുള്ളത്.
പൊളിറ്റിക്കൽ സെക്രട്ടറിയെകൂടി മാറ്റിയാൽ പിണറായിയും ഗോവിന്ദനും തമ്മിൽ കടുത്ത ഭിന്നതയാണെന്ന തോന്നലുണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമവുംകൂടി പാർട്ടി നടത്തും.