ബിജെപിയെ ജയിപ്പിക്കാൻ തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രി: വി.ഡി. സതീശൻ
Thursday, September 5, 2024 2:49 AM IST
തിരുവനന്തപുരം: തൃശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പൂരം കലക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ നടന്ന ആർഎസ്എസ് ക്യാന്പിൽ പങ്കെടുത്ത ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കാണാൻ എഡിജിപി എം.ആർ. അജിത്കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചെന്നും സതീശൻ ആരോപിച്ചു.
തൃശൂരിലെ ഹോട്ടൽ ഹയാത്തിൽ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തു മറ്റൊരു കാറിലാണ് എഡിജിപി ആർഎസ്എസ് നേതാവിനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവർ തമ്മിൽ സംസാരിച്ചു. തിരുവനന്തപുരത്തുള്ള ആർഎസ്എസ് നേതാവാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് ഒഴിവാകാനും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണു മുഖ്യമന്ത്രി നൽകിയത്.മുഖ്യമന്ത്രിക്കുവേണ്ടി എഡിജിപി തൃശൂരിൽ തങ്ങിയാണു പൂരം കലക്കിയത്.
തെരഞ്ഞെടുപ്പുകാലത്ത് ഇഡി പിടിമുറുക്കിയത് സിപിഎം നേതാക്കളുടെ കഴുത്തിലാണ്. തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ കരുവന്നൂരിൽ ഒരു അന്വേഷണവുമില്ല. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബിജെപി ജയിച്ചത്. അതു ബിജെപിയും സിപിഎമ്മും ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നും സതീശൻ ആരോപിച്ചു.