ചെന്പേരി ലൂർദ് മാതാ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
Thursday, August 15, 2024 1:25 AM IST
ചെന്പേരി: ചെന്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഔപചാരിക പൊന്തിഫിക്കൽ കുർബാന മധ്യേ ബസിലിക്കയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഔദ്യോഗിക സന്ദേശം വായിച്ചു. കരഘോഷത്തോടെയും ചെന്പേരി മാതാവിന്റെ ഗാനാലാപനത്തോടെയുമാണ് വിശ്വാസികൾ മാർപാപ്പയുടെ സന്ദേശത്തെ വരവേറ്റത്.
ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്നതിന്റെ അടയാളമായ മഞ്ഞയും ചുവപ്പും (പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്പന ചെയ്ത പട്ടുമേലാപ്പിന്റെ കുട കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആശീർവദിച്ച് ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചു.
മാർപാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികളുടെ ആശീർവാദവും പ്രതിഷ്ഠാകർമവും ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് നിർവഹിച്ചു.
ബസിലിക്കയുടെ ചുമതലക്കാരനായി റെക്ടർ എന്ന പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന് സൂർപ്ലസും ഊറാലയും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന മധ്യേ നല്കി.
മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി, മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരായിരുന്നു.
മക്കളുടെ എണ്ണത്തിൽ വർധനവ് വേണം: മാർ റാഫേൽ തട്ടിൽ
ആരെയും തോൽപ്പിക്കാനല്ല ആരെയും പിന്നിലാക്കാനുമല്ല, മക്കളുടെ എണ്ണത്തിൽ വർധനവ് വേണമെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മക്കൾ തന്പുരാന്റെ ദാനമാണ്. സീറോ മലബാർ സഭയിലെ ജനനപ്രക്രിയ നിരക്ക് വളരെ പിന്നിലാണ്.
പണ്ട്, മാതാപിതാക്കൾ കൂടുതൽ മക്കളെ സ്വീകരിച്ചിരുന്നു. അധ്വാനിക്കാനും കുടുംബത്ത് ആളുണ്ടാകാനുമായിരുന്നു ഇത്. സഭയ്ക്ക് എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും മക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നില്ല.
മണ്ണിനോട് പോരാടാൻ കൂടുതൽ മക്കൾ വേണം. എന്നുവച്ച് സർക്കാർ ഉദ്യോഗം വേണ്ടെന്നല്ല പറയുന്നത്. മണ്ണിനോടുള്ള ബന്ധം രക്തബന്ധമാണെന്ന് തിരിച്ചറിയണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.