തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് എല്ലാ വര്‍ഷവും മണല്‍ നീക്കണമെന്നു സര്‍ക്കാര്‍
Thursday, August 15, 2024 1:25 AM IST
കൊച്ചി: കുട്ടനാട്ടില്‍ പ്രളയഭീതിയുള്ളതിനാല് തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് എല്ലാ വര്‍ഷവും മണല്‍ നീക്കണമെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സ്പില്‍വേയിലെ കരിമണല്‍ ഖനനം എത്ര നാള് തുടരണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.
വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തോട്ടപ്പള്ളി സ്പില്‍വേയില്‍ കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയതിനെതിരേ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരടക്കമുള്ള എതിര്‍കക്ഷികളോടു ഹൈക്കോടതി വിശദീകരണം തേടി.
തോട്ടപ്പള്ളി സ്പില്‍വേയുടെ മുന്നിലെ മണല്‍ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവിന്റെ മറവില്‍ ആറ്റോമിക് മിനറല്‍സ് കടത്തുകയാണെന്നാണ് ആരോപണം.
മണല്‍കടത്തുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിയില്‍ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതിനുശേഷവും ഇപ്പോഴും മണല്‍ക്കടത്ത് നിര്‍ബാധം തുടരുകയാണ്.
കുട്ടനാടിനെ പ്രളയത്തില്‍നിന്നു രക്ഷിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ പൊഴിമുഖം തുറന്നുകിടക്കണമെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണു കരിമണല്‍ ഖനനം നടക്കുന്നത്.
പൊഴിമുഖം തുറക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 24 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണു വീണ്ടും മണല്‍ നീക്കം ചെയ്യുന്നതിനായി ഇറിഗേഷന്‍ വകുപ്പ് ടെൻഡര്‍ വിളിച്ചതെന്നാണു ഹര്‍ജിയിലെ ആരോപണം.