ചാലിയാര്‍ പുഴയിൽ ഇന്നലെ കണ്ടെത്തിയത് നാല് ശരീരഭാഗങ്ങള്‍
Wednesday, August 14, 2024 1:50 AM IST
എടക്കര: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടി ചാലിയാര്‍ പുഴയില്‍ നടത്തിയ സംയുക്ത തെരച്ചിലില്‍ ഇന്നലെ നാലു ശരീരഭാഗങ്ങള്‍ കണ്ടെത്തി.
കുമ്പളപ്പാറയ്ക്കു മുകളില്‍ പരപ്പന്പാറയ്ക്കടുത്തായി പുഴയുടെ തീരത്തുനിന്നാണു മൂന്നു ഭാഗങ്ങള്‍ കിട്ടിയത്. ഒരു ശരീരഭാഗം തലപ്പാലിയില്നിന്നാണ് കണ്ടെടുത്തത്. തലപ്പാലിയില്‍ വനാതിര്‍ത്തിയില്‍ പുഴയുടെ തീരത്ത് പുലി മാന്തിയ നിലയിലാണ് ഒരു ശരീരഭാഗം കണ്ടെത്തിയത്.
പരപ്പന്പാറയ്ക്കടുത്ത് ആദിവാസി ഊരുകളിലെ നായ്ക്കളാണു മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായകമായത്. രാവിലെ തെരച്ചിലിനു പോയ സന്നദ്ധപ്രവര്‍ത്തകര്‍ ഈ നായ്ക്കളെ കൂട്ടിയിരുന്നു. മനുഷ്യമാംസം അഴുകിയ ഭാഗങ്ങളില്‍ നായ്ക്കള്‍ മണ്ണ് മാന്തുകയും ആ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തി മൃതദേഹങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു.
പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനം, ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ് സേനകള്‍ക്കൊപ്പം വിവിധ സന്നദ്ധ സംഘടനകള്‍കൂടി പങ്കെടുത്താണ് ഇന്നലെ സംയുക്ത പരിശോധന നടത്തിയത്.
മുണ്ടേരി ഇരുട്ടുകുത്തികടവ് മുതല്‍ മുകളിലേക്ക് പരപ്പന്പാറവരെയായിരുന്നു തെരച്ചില്‍.
രാവിലെ ഏഴിന് എടവണ്ണ സിഐ ഇ. ബാബു, വണ്ടൂര്‍ സിഐ ബി. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു ചാലിയാറിന്റെ ഇരുവശങ്ങളിലുമായി തെരച്ചില്‍ നടത്തിയത്.
160 അംഗങ്ങളാണു തെരച്ചിലില്‍ പങ്കെടുത്തത്. പതിനഞ്ച് പേരടങ്ങുന്ന ഓരോ സംഘവും വിവിധയിടങ്ങളില്‍ പരിശോധന നടത്തി. പരപ്പന്‍പാറയില്‍നിന്ന് വൈകിയാണു സം ഘം മടങ്ങിയത്.
ഇതിനിടെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുകയും അവസാനമെത്തിയ 45 അംഗ സംഘത്തിനു ചങ്ങാടത്തില്‍ പുഴ കടക്കാന്‍ കഴിയാതാകുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വനത്തിലൂടെ മച്ചിക്കൈ ഭാഗത്തേക്കു നടന്ന് അവിടെനിന്നു വാഹനത്തിലാണു പോത്തുകല്ലിലെത്തിയത്.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടി 15 ദിവസങ്ങളായി തുടരുന്ന തെരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 171 ശരീരഭാഗങ്ങളുമാണു ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കണ്ടെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.