ഓണ്‍ലൈൻ തട്ടിപ്പിനു മനുഷ്യക്കടത്ത്; രണ്ടാഴ്ചയ്ക്കിടെ മടങ്ങിയെത്തിയത് 12 പേര്
Wednesday, August 14, 2024 1:50 AM IST
കൊച്ചി: അനധികൃത ജോലികള്‍ക്കായി ആളുകളെ വിദേശ കമ്പനികള്‍ക്ക് വില്‍ക്കുന്ന സംഘങ്ങള്‍ കൊച്ചിയിലും സജീവം. ഇത്തരത്തില്‍ വിദേശത്തേക്ക് ജോലിക്കു പോയി തട്ടിപ്പിനിരയായ 12 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചിയിൽ മടങ്ങിയെത്തിയത്. ഇവരില്‍ ആറുപേര്‍ കൊച്ചി സ്വദേശികളും ആറു പേര് മറ്റ് ജില്ലകളില്‍ നിന്നുളളവരുമാണ്.
ലാവോസ്, കംബോഡിയ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈൻ തട്ടിപ്പിനായാണ് വ്യാജ റിക്രൂട്ട്മെന്റ് നടന്നത്. തട്ടിപ്പ് മനസിലാക്കിയ ഇരകള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ളത്. ലാവോസിലും കംബോഡിയയിലും സമാന തട്ടിപ്പ് ജോലികള്‍ക്കാണ് പണം വാങ്ങി ആളുകളെ വിറ്റത്.
മടങ്ങിയെത്തിയവരില്നിന്ന് ഇന്റലിജൻസും എന്‍ഐഎയും വിശദമൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണ്. അതേസമയം മടങ്ങിയെത്തിയ പലരും പരാതി നല്കാന് മടിക്കുന്നതായി പോലീസ് പറയുന്നു.
നിലവില്‍ ലാവോസ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇരകളിലൊരാളായ പമ്പിള്ളിനഗറില് താമസിക്കുന്ന ആളുടെ പരാതിയിലാണ് തോപ്പുംപടി പോലീസ് കേസെടുത്തിട്ടുള്ളത്.
കേസില്‍ മുഖ്യപ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. കംബോഡിയ തട്ടിപ്പു കേസില്‍ അതാത് ജില്ലകളിലാണ് ഇരകള്‍ പരാതി നല്‍കിയിട്ടുള്ളത്. ഇരുകേസുകള്ക്കു പിന്നില്‍ ഓരോ സംഘമാണോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.
ഇരകള്‍ ഇന്ത്യയില്‍നിന്ന്
ഓണ്‍ലൈനിലൂടെ തട്ടിപ്പ് നടത്തി കമ്പനിക്ക് പണം ഉണ്ടാക്കി നല്‍കുകയാണ് തൊഴില്‍ തേടി എത്തുന്നവരെ കാത്തിരിക്കുന്ന ജോലി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഇരകളെ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് മനുഷ്യക്കടത്ത് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് മടങ്ങിയെത്തിയവര്‍ പറയുന്നു. വ്യാജ റിക്രൂട്ട്മെന്റ് വഴി എത്തുന്നവര്‍ക്ക് വമ്പന്‍ ഐടി കെട്ടിടങ്ങളിലായിരുന്നു ജോലി.
സ്വന്തമായി ഐ ഫോണും കാബിനും ലാപ്ടോപ്പും നല്‍കിയിരുന്നു. 65,000 മുതല്‍ 70,000 ഇന്ത്യന്‍ രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. പലര്‍ക്കും വാഗ്ദാനം ചെയ്ത ശമ്പളം ലഭിച്ചിരുന്നില്ല.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ആളുകളെ വീഴ്ത്തുന്നതിന് ടാര്‍ജറ്റും നിശ്ചയിച്ചിരുന്നു. ടാര്‍ജറ്റ് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇലക്ട്രിക് ഷോക്കും മര്‍ദനവുമാണ് ശിക്ഷ. അമേരിക്കന്‍ സമയത്താണ് ജോലി. അവിടെയുള്ള ഇന്ത്യന്‍ വംശജരെയാണ് കൂടുതലും തട്ടിപ്പിനിരയാക്കിയിരുന്നത്.
ആളൊന്നിന് നാലു ലക്ഷം
ജോലിക്കായി വിദേശത്തേക്കു പോകുന്നതിന് 50,000 രൂപയാണ് ഇരകളില്‍നിന്നു മനുഷ്യക്കടത്ത് സംഘം വാങ്ങിയിരുന്നത്. ഓണ്‍ അറൈവല്‍ വിസയില്‍ ബാങ്കോക്കില്‍ എത്തിച്ച് അവിടെനിന്നു വീസ നല്കി ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലേക്ക് എത്തിക്കും. പാസ്പോര്‍ട്ട് കൈക്കലാക്കിയ ശേഷമാണ് ജോലി നല്‍കുക. ലാവോസില്‍ എത്തിച്ച ഒരോരുത്തരെയും ചൈനീസ് കമ്പനിക്ക് നാലു ലക്ഷം രൂപ വീതം വാങ്ങിയാണ് വിറ്റത്.
പ്രത്യേക ശ്രദ്ധയ്ക്ക്
ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും ഏജന്‍സികളുടെ വഞ്ചനകളില്പെടാതിരിക്കാന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് 1983 പ്രകാരം പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റില്നിന്നു ലൈസന്‍സ് ലഭിച്ച ഏജന്‍സി മുഖേന മാത്രമേ തൊഴില്‍ തേടാവൂ. www.emigrate.gov.in എന്ന വെബ്സൈറ്റില്‍ ഏജന്‍സികളുടെ വിവരം ലഭ്യമാണ്.
ഓഫര്‍ ലെറ്ററില്‍ പ്രതിപാദിക്കുന്ന തൊഴിലും വീസയില്‍ പറയുന്ന ജോലിയും ഒന്നാണെന്ന് ഉറപ്പാക്കുക. അതത് രാജ്യത്തെ നിയമവ്യവസ്ഥയും തൊഴില്‍ നിയമങ്ങളും അനുസരിക്കുക. ജോലിക്കായി വിസിറ്റ് വീസയിലൂടെ വിദേശത്തു പോകുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
തട്ടിപ്പിന് ഇരയായാല്‍
വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് [email protected], [email protected] വഴിയും 0471 2721547 എന്ന ഹെല്പ് ലൈന്‍ നമ്പറിലും പരാതിപ്പെടാം.