ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഹര്‍ജി സെപ്റ്റംബര്‍ 24നു പരിഗണിക്കും
Wednesday, August 14, 2024 1:50 AM IST
കൊച്ചി: ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ നല്കിയ പരാതി ലോകായുക്ത തള്ളിയതിനെതിരായ ഹര്‍ജി ഹൈക്കോടതി വിശദവാദത്തിനായി മാറ്റി.
മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കും എതിരേ നടപടിയാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആര്.എസ്. ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ 24നു പരിഗണിക്കാന്‍ മാറ്റിയത്.
അന്തരിച്ച എല്‍ഡിഎഫ് നേതാക്കളായ ഉഴവൂര്‍ വിജയന്റെയും രാമചന്ദ്രന്‍നായരുടെയും ആശ്രിതര്‍ക്കും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിനും മന്ത്രിസഭ ഔട്ട് ഓഫ് അജന്‍ഡയായി ദുരിതാശ്വാസ നിധിയില്‍നിന്നു നേരിട്ട് തുക അനുവദിച്ചത് ചട്ടവിരുദ്ധവും സ്വജനപക്ഷപാതവുമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
ആരോപണം നിലനില്ക്കുന്നതല്ലെന്നു കണ്ടെത്തി, പരാതി തള്ളിയ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.