സിനിമാമേഖലയിലെ സ്ത്രീസുരക്ഷ: സർക്കാർ പഠനറിപ്പോർട്ട് രാജ്യത്ത് ആദ്യം
Wednesday, August 14, 2024 1:49 AM IST
കൊച്ചി: വർഷങ്ങൾ നീണ്ട ആകാംക്ഷകൾക്കും കോടതി വ്യവഹാരങ്ങൾക്കുമൊടുവിൽ ജസ്റ്റീസ് ഹേമ കമ്മീഷന്റെ പഠനറിപ്പോർട്ട് ‘റിലീസിംഗിന്’ സജ്ജമാകുന്പോൾ, സിനിമാ മേഖലയിൽ കേരളം കുറിക്കുന്നതു പുതുചരിത്രം. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സർക്കാർ തലത്തിൽ ഒരു കമ്മീഷനെ നിയോഗിക്കുന്നതും റിപ്പോർട്ട് പുറത്തുവിടുന്നതും രാജ്യത്ത് ആദ്യം.
2017 ഫെബ്രുവരി 17നു കൊച്ചിയിലുണ്ടായ പ്രമാദമായ നടി ആക്രമണ കേസോടെയാണ്, സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വവും അവർ നേരിടുന്ന പ്രശ്നങ്ങളും സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഗൗരവമായ ചർച്ചകളായത്.
സിനിമാ ചിത്രീകരണ സ്ഥലങ്ങളിലെ ലിംഗ വിവേചനം, നിക്ഷിപ്ത താത്പര്യങ്ങൾക്കുള്ള സിനിമാ ലോബികൾ, സിനിമകളില്‍ പുതിയ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യമുണ്ടെന്ന ആരോപണങ്ങൾ, സിനിമാരംഗത്തു പൊതുവേയുള്ള പുരുഷാധിപത്യം എന്നിവയെല്ലാം ചൂടേറിയ ചർച്ചകളായി.
മലയാള സിനിമാരംഗത്തെ ഒരു വിഭാഗം വനിതകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) കൂട്ടായ്മ രൂപീകരിച്ചതും അത്തരം ചർച്ചകളിലേക്കു കൂടുതൽ പൊതുശ്രദ്ധയും അധികാരികളുടെ ഇടപെടലുകളും സാധ്യമാക്കി. ഇത്തരം വിഷയങ്ങളിൽ അഭിനേതാക്കളുടെ പ്രമുഖ സംഘടനയായ അമ്മയും ഡബ്ല്യുസിസിയും വ്യത്യസ്ത നിലപാടുകളിലാണെന്ന ചർച്ചകളും മുറുകി.
ഡബ്ല്യുസിസി ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങളോടു സംസ്ഥാന സർക്കാരും അനുഭാവപൂർണമായ നിലപാടാണു സ്വീകരിച്ചത്. ഇതേത്തുടർന്നാണു സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാൻ, സര്‍ക്കാര്‍ 2018 മേയിൽ ജസ്റ്റീസ് ഹേമ അധ്യക്ഷയായ കമ്മീഷനെ നിയമിക്കുന്നത്.
നടി ശാരദ, കെ.ബി. വത്സല കുമാരി എന്നിവരായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. 2019 ഡിസംബര്‍ 31ന് കമ്മീഷന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ വസ്തുതകളും പരിഹാര നിർദേശങ്ങളും ഉള്ളടക്കമായ റിപ്പോർട്ട്, ചലച്ചിത്രമേഖലയ്ക്കാകെ പ്രയോജനപ്പെടുന്നതാണെന്നു ജസ്റ്റീസ് ഹേമ അന്നു പ്രതികരിച്ചിരുന്നു.
എന്നാൽ, റിപ്പോർട്ടിലെ ഉള്ളടക്കവും ശിപാർശകളും പുറത്തുവിടാതെ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി വീണ്ടും രംഗത്തെത്തി. റിപ്പോർട്ട് പഠിച്ചുവരികയാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. വിഷയം കോടതിയിലുമെത്തിയതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പുതിയ മാനങ്ങൾ കൈവന്നു.
റിപ്പോർട്ട് പുറത്തുവിടുമെന്നു ജൂലൈയിൽ സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ അതു തടയണമെന്നാവശ്യപ്പെട്ടു സിനിമാ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കമ്മീഷനു മൊഴി നൽകിയവരുടെ ജീവനുപോലും ഭീഷണിയാവുമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ കോടതിമുറിയിലെ വാദങ്ങൾക്കും പുറത്തെ വിവാദങ്ങൾക്കുമൊടുവിൽ, ഹേമ കമ്മീഷൻ റിപ്പോർട്ട് വൈകാതെ വെളിച്ചം കാണുന്പോൾ, സിനിമാരംഗത്തുണ്ടാകുന്ന ട്വിസ്റ്റുകളിലേക്കാകും പ്രേക്ഷകശ്രദ്ധ.