ക്ലെയിം നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 6.81 ലക്ഷം നല്‍കണം
Friday, August 9, 2024 2:21 AM IST
കൊച്ചി: അപകടത്തില്‍പ്പെട്ട് പൂർണമായി തകർന്ന കാറിന് സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് ഇന്‍ഷ്വറന്‍സ് തുക നിരസിച്ച കമ്പനിയുടെ നടപടി അധാര്‍മികമായ വ്യാപാരരീതിയാണെന്നും ക്ലെയിമും നഷ്ടപരിഹാരവും നൽകണമെന്നും എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
കലൂര്‍ സ്വദേശി കാജാ മൊയ്നുദീൻ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് അഡ്വ. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് നഷ്ടപരിഹാരം അനുവദിച്ചത്.
6,26,889 രൂപ ഇന്‍ഷ്വറന്‍സ് തുക ഇനത്തില്‍ കമ്പനി പരാതിക്കാരനു നല്‍കണം. കൂടാതെ, 40,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്കി.
പരാതിക്കാരന്റെ ഹോണ്ട സിവിക് കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് പൂര്‍ണമായും കേടുപാട് സംഭവിച്ചു.
അപകടം ഇന്‍ഷ്വറന്‍സ് കമ്പനിയെ അറിയിക്കാന്‍ ഒമ്പതു ദിവസവും പോലീസ് സ്റ്റേഷനില്‍ വിവരം നല്കാന് ആറു ദിവസവുമെടുത്തുവെന്നും യഥാസമയം അപകടവിവരം അറിയിക്കാതിരുന്നത് അപകടത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കിയതെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കമ്പനി ക്ലെയിം നിരസിച്ചത്.