ആരോഗ്യ, കായിക വിദ്യാഭ്യാസം: എസ്സിഇആർടി പാഠ്യപദ്ധതി അശാസ്ത്രീയമെന്ന് ഖാദർ കമ്മിറ്റി
Friday, August 9, 2024 2:21 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യ ,കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എസ്സിഇആർടി തയാറാക്കിയ പാഠ്യപദ്ധതിയും വിനിമയരീതിയും മൂല്യനിർണയ രീതിയും അശാസ്ത്രീയമെന്നാണ് പൊതുവിലയിരുത്തലെന്ന് ഖാദർ കമ്മിറ്റിയുടെ പരാമർശം.
കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട ഖാദർ കമ്മിറ്റി രണ്ടാം പതിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആരോഗ്യ, കായികപഠനം സംബന്ധിച്ച് ശരിയായ നയസമീപനത്തിന്റെയും പ്രായോഗിക പദ്ധതിയുടെയും അഭാവം പ്രകടമാണ്.
വൈദഗ്ധ്യം ആവശ്യമായ മേഖലയാണ് ആരോഗ്യ, കായികപഠനം. എന്നാൽ ഇത് കൈകാര്യം ചെയ്യുന്നതിനായി യോഗ്യരായ വേണ്ടത്ര അധ്യാപകരെ നിയമിക്കാത്തത് പ്രശ്നമാണെന്നും കമ്മിറ്റി സൂചിപ്പിക്കുന്നു.
അപ്പർപ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ കുറച്ചെണ്ണത്തിൽ മാത്രമാണ് കായികാധ്യാപക തസ്തിക നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യ കായികപഠനത്തിനായി ശാസ്ത്രീയമായ സമീപനം വികസിപ്പിക്കണമെന്നും ഖാദർ കമ്മിറ്റി ശിപാർശ ചെയ്യുന്നു.
വളരെ ഗൗരവമായ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യ കായിക വിദ്യാഭ്യാസം കടന്നുപോകുന്നത്. പേരിനുമാത്രമുള്ള വിദ്യാർഥികൾക്കാണ് വേണ്ടത്ര കായികക്ഷമത ഉള്ളതെന്നു പഠനങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്. കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുറച്ചു കുട്ടികൾക്ക് തീവ്രമായ കായികപരിശീലനം നൽകുന്നതിനപ്പുറത്തേക്കു കാര്യങ്ങളൊന്നും നടക്കുന്നില്ല.
കുട്ടികളുടെ കായികക്ഷമത സംബന്ധിച്ച് കുറ്റകരമായ അലംഭാവമാണ് കൈക്കൊള്ളുന്നത്. കുട്ടികളിൽ കാണുന്ന ജീവിത ശൈലീരോഗങ്ങളും മാനസികപിരിമുറുക്കവും സമ്മർദവും ആകാംക്ഷയും ഒന്നും അർഹിക്കുന്ന ഗൗരവത്തോടെ നാം കാണുന്നില്ല എന്നതാണ് വസ്തുത.
ലഹരിയടക്കം അനഭിലഷണീയമായ പല കാര്യങ്ങളിലേക്കും വഴുതിമാറാൻ ഇതു സാഹചര്യമൊരുക്കിയേക്കാം. ഇതൊക്കെ അഭിമുഖീകരിക്കാൻ കഴിയും വിധം ആരോഗ്യ-കായികവിഭ്യാഭ്യാസം ശക്തിപ്പെടണം.
ആരോഗ്യ-കായികവിദ്യാഭ്യാസം എന്നത് കായികവിഭ്യാഭ്യാസത്തിന് നിയോഗിക്കപ്പെടുന്ന അധ്യാപകരുടെ മാത്രം ഉത്തരവാദിത്വമായി നിജപ്പെടുത്തരുതെന്നും കായികാധ്യാപകതസ്തികയുമായി ബന്ധപ്പെട്ട് പരിമിതപ്പെടുത്തരുതെന്നും പരാമർശമുണ്ട്.