കോട്ടയം നഗരസഭയില്‍ മൂന്നു കോടി രൂപയുടെ തട്ടിപ്പ്
Thursday, August 8, 2024 1:23 AM IST
കോട്ടയം: കോട്ടയം നഗരസഭയില്‍ മൂന്നു കോടി രൂപയുടെ തട്ടിപ്പ്. പെന്ഷന് അക്കൗണ്ടില്‍നിന്നു മൂന്ന് കോടി രൂപയ്ക്ക് മുകളില്‍ നഗരസഭാ ജീവനക്കാരന് തട്ടിയെടുത്തുത്തെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.
പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽനിന്നു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിയോളം തുക പലതവണയായി മാറ്റിയത്.
2020 മുതലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ കാലയളവില്‍ ജോലി ചെയ്തിട്ടുള്ള സെക്രട്ടറിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. സെക്രട്ടറിമാര്‍ ഒപ്പിട്ടാല്‍ മാത്രമേ പെന്ഷന് അക്കൗണ്ടില്‍നിന്ന് പണം കൈമാറ്റം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നിരിക്കെയാണ് തട്ടിപ്പ്.
ധനകാര്യ വിഭാഗം, വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. നഗരസഭയില്‍ നേരത്തെ ജോലി ചെയ്തിരുന്നതും നിലവില്‍ വൈക്കം നഗരസഭയില്‍ ജോലി ചെയ്യുന്നതുമായ ഉദ്യോഗസ്ഥനാണ് തട്ടിപ്പിനു പിന്നില്‍.
2020 മുതല്‍ നഗരസഭയിലെ പെന്ഷന് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ പോലീസില്‍ പരാതി നല്കാന് നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ റീ ഓഡിറ്റിംഗ് നടത്തുമെന്നും തുടർ നടപടികൾ കൗൺസിൽ ചേർന്ന് നഗരസഭ തീരുമാനമെടുക്കുമെന്നും ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.
എന്നാല്‍, കോട്ടയം നഗരസഭയുടെ അനാസ്ഥയാണ് ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടത്താന്‍ ഉദ്യോഗസ്ഥന് ഇട നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനില്‍ ആരോപിച്ചു. കേസില്‍ ആരോപണ വിധേയായ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസവും നരഗസഭയിലെത്തിയിരുന്നതായും നാളുകളായി നടക്കുന്ന തട്ടിപ്പുകളുടെ തുടര്ക്കഥയാണിതെന്നും ഷീജ അനില്‍ വ്യക്തമാക്കി.