ഐഎംഎയ്ക്ക് ജിഎസ്ടി ബാധകം: ഹൈക്കോടതി
Thursday, July 25, 2024 2:26 AM IST
കൊച്ചി: ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) അംഗങ്ങള്‍ക്കു നല്കുന്ന സാധനങ്ങള്‍ക്കും സേവനത്തിനും ജിഎസ്ടി ബാധകമാണെന്നു ഹൈക്കോടതി.
കേന്ദ്ര ജിഎസ്ടി വിഭാഗം നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഐഎംഎയ്ക്കു കോടതി നിര്‍ദേശവും നല്കി.
ജിഎസ്ടി വിഭാഗം നല്കിയ നോട്ടീസിനു പിന്നാലെ, തങ്ങള്‍ക്ക് ജിഎസ്ടി ബാധകമാകില്ലെന്നതടക്കം ചൂണ്ടിക്കാട്ടി ഐഎംഎ ഫയല്‍ ചെയ്ത ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഐഎംഎ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഭാഗം കൊച്ചി സോണല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലും കോഴിക്കോട് റീജണല്‍ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം. ഹര്‍ജിക്കാര്‍ ഇതുമായി സഹകരിക്കണം. അതുവരെ കര്‍ശന നടപടികള്‍ ഉണ്ടാകരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഇടപാടുകള്‍ക്കും ജിഎസ്ടി ബാധകമാകുന്ന ഭേദഗതി 2021ല്‍ ഫിനാന്‍സ് ആക്ട് പ്രകാരമാണ് കൊണ്ടുവന്നത്. എന്നാല്‍, ഇതിന് ജിഎസ്ടി ആക്ട് നിലവില്‍ വന്ന 2017 മുതല്‍ മുന്‍കാല പ്രാബല്യമില്ലെന്ന് കോടതി വ്യക്തമാക്കി.