മസാല ബോണ്ട്: ഇഡി സമന്‍സുകള്‍ ചോദ്യംചെയ്ത ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റി
Thursday, July 25, 2024 2:26 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി സമന്‍സുകള്‍ ചോദ്യംചെയ്ത് കിഫ്ബിയും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി.
വിദേശത്ത് മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമലംഘനമുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതില്‍ തെളിവെടുപ്പിനായാണു കിഫ്ബി അധികൃതര്‍ക്കും ഐസക്കിനും സമന്‍സയച്ചത്. എന്നാല്‍, വിഷയം പരിശോധിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണെന്നും ഇഡിയുടേത് പരിധിവിട്ടുള്ള ഇടപെടലാണെന്നുമാണ് കിഫ്ബി വാദിച്ചത്.
കിഫ്ബി ഡയറക്ടർ ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ തന്റെ വ്യക്തിപരമായ വിവരങ്ങളടക്കം ആവശ്യപ്പെട്ട് ഇഡി തുടര്‍ച്ചയായി സമന്സയച്ചതിനെയാണ് തോമസ് ഐസക് ചോദ്യം ചെയ്തത്.