ലോറി കരയ്ക്കടുപ്പിക്കുന്നതു കാത്ത് കേരളം; അര്‍ജുനെ പ്രതീക്ഷിച്ച് നാട്
Thursday, July 25, 2024 2:26 AM IST
കോഴിക്കോട്: തെരച്ചിലിന്റെ ഒമ്പാതാം നാള് പ്രതീക്ഷയുടെ വെട്ടം. ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറി കണ്ടെത്തിയതോടെ കേരളത്തിന്റെ മനസാകെ കര്‍ണാടകത്തിലേക്ക്.
ലോറിയില്‍ അര്‍ജുനുണ്ടോ എന്നാണ് എല്ലാവരും ഇനി ഉറ്റുനോക്കുന്നത്. ലോറി ഉയര്‍ത്തിയാല്‍ മാത്രമേ അര്ജുന് അതിലുണ്ടോയെന്ന് അറിയാനാകൂ. എങ്കിലും ലോറി കണ്ടെത്തിയതുതന്നെ വലിയ ആശ്വാസമാണ് കുടുംബത്തിനും നാടിനും.
കഴിഞ്ഞ എട്ടു ദിവസത്തെ തെരച്ചിലില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന കുടുംബത്തിനു വലിയ ആശ്വാസമാണു ലോറി കണ്ടെത്തിയതോടെ ഉണ്ടായത്. കരയില്‍ നടത്തിയ തെരച്ചലില്‍ അര്ജുന് ഓടിച്ച ലോറിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതിനാല്‍ കേരളമാകെ നിരാശയിലായിരുന്നു.
സൈന്യമെത്തി പരിശോധിച്ചിട്ടും കരയില്‍നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ലോറി എവിടെ പോയെന്ന ചോദ്യമുയര്‍ന്നു. മണ്ണിടിച്ചിലില്‍ ലോറി കടലില്‍ ചെന്നുചേര്‍ന്നോ എന്ന സംശയവും ഉയര്‍ന്നു. ഇന്നലെ രാവിലെ തുടങ്ങിയ പുഴയിലെ തെരച്ചിലിലാണ് മലയാളികളുടെ മനസില്‍ പ്രതീക്ഷയുടെ നാമ്പുയര്ത്തിയത്.
ഈ മാസം പതിനാറിന് ഉച്ചയ്ക്കാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ കുന്നിടഞ്ഞുവീണുണ്ടായ അപകടത്തില്‍ അര്‍ജുന്റെ ലോറി കാണായതത്. എട്ടു മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിരുന്നു. അര്‍ജുനെ കാണാതായ വിവരം വളരെ വൈകിയാണ് പുറംലോകം അറിഞ്ഞത്. അപ്പോഴേക്കും സുപ്രധാന ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
തെരച്ചലില്‍ കര്‍ണാടക സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് വലിയ പ്രതിഷേധത്തിന് ഇടയാക്കി. സംസ്ഥാന സര്‍ക്കാരും മാധ്യമങ്ങളും പൊതുസമൂഹവും അതിശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് തെരച്ചലിനു വേഗം കൂടിയത്. കര്‍ണാടക ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.