ജില്ലാ പദ്ധതി പരിഷ്കരിക്കുന്നതിനുള്ള കരട് മാർഗരേഖയ്ക്കു മന്ത്രിസഭയുടെ അംഗീകാരം
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: ജില്ലാ പദ്ധതി പരിഷ്കരിച്ച് തയാറാക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയാറാക്കി സമർപ്പിച്ച കരട് മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു.
ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന സമഗ്രമായ ദീർഘകാല വികസന പരിപ്രേഷ്യത്തിന്റെ അടിസ്ഥാനത്തിലാണു ജില്ലാ പദ്ധതി ആവിഷ്കരിക്കേണ്ടത്. ഈ പദ്ധതി വിവിധ വകുപ്പുകളുടെ വികസന പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കും. ജില്ലയുടെ സമഗ്രവികസന പരിപാടി ആവിഷ്കരിക്കുന്നതിനുള്ള വിശദമായ ചട്ടക്കൂടാണു ജില്ലാ പദ്ധതി.
ജല അഥോറിറ്റിയിൽനിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വ്യവസ്ഥകൾക്കനുസരിച്ച് പരിഷ്കരിക്കും. ഹൈക്കോടതിയിലെ നിലവിലെ സ്പെഷൽ ഗവ. പ്ലീഡർ, സീനിയർ ഗവ. പ്ലീഡർ, ഗവ. പ്ലീഡർ എന്നിവരുടെ പുനർനിയനത്തിനും തീരുമാനിച്ചു.
17 സ്പെഷൽ ഗവ. പ്ലീഡർമാർക്ക് ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വർഷത്തേക്കു പുനർനിയമനം നൽകും. സീനിയർ ഗവ. പ്ലീഡർമാരുടെ പട്ടികയിലുള്ള 49 സീനിയർ ഗവ. പ്ലീഡർമാർക്കും ഗവ. പ്ലീഡർമാരുടെ പട്ടികയിലുള്ള 48 ഗവ. പ്ലീഡർമാർക്കും ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വർഷത്തേക്കോ 60 വയസ് പൂർത്തിയാകുന്നതു വരെയോ എതാണോ ആദ്യം അതുവരെയും പുനർനിയമനം നൽകും.
എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശി വി. മനുവിനെ അഡ്വക്കറ്റ് ജനറലിന്റെ സ്പെഷൽ ഗവണ്മെന്റ് പ്ലീഡറായി ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് വർഷത്തേക്കു നിയമിക്കും. സ്പെഷൽ ഗവ. പ്ലീഡർ (വ്യവസായം) എന്ന തസ്തികയെ സ്പെഷൽ ഗവ.പ്ലീഡർ പൊതുവിദ്യാഭ്യാസം എന്ന് പുനഃക്രമീകരിച്ച് നിലവിലെ സ്പെഷൽ പ്ലീഡറായ ചേർത്തല തുറവൂർ സ്വദേശി പി. സന്തോഷ്കുമാറിനു ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് വർഷത്തേക്കു നിയമനം നൽകും. പുതുതായി നിലവിൽവന്ന അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.