ന്യൂട്രാസ്യൂട്ടിക്കൽസിനുള്ള മികവിന്റെ കേന്ദ്രം ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കും
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: പ്രകൃതിവിഭവങ്ങളിൽനിന്നു കണ്ടെത്തിയിട്ടുള്ള രോഗപ്രതിരോധത്തിനുള്ള പോഷകങ്ങൾ അടങ്ങിയ ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം (സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്) തിരുവനന്തപുരത്തു തുടങ്ങും. കേന്ദ്രം തുടങ്ങാൻ ലൈഫ് സയൻസ് പാർക്കിൽ സ്ഥലവും അനുവദിച്ചു. ഇത് ഉടൻ പ്രവർത്തനമാരംഭിക്കാനുള്ള നടപടി സ്വീകരിക്കും.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെഡിഐഎസ്സി), കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍മെന്റ്(കെഎസ്സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കുന്നത്.
ഇതിനായുള്ള ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ബയോലൈഫ് സയൻസ് പാർക്കിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ നിലവിലെ സൗകര്യത്തിൽ താത്കാലിക പരീക്ഷണശാലകൾ സ്ഥാപിക്കും.
ശരീരത്തിനു രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ പ്രകൃതിവിഭവങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് ’ന്യൂട്രാസ്യൂട്ടിക്കൽസ് ’ എന്ന പദംകൊണ്ട് അർഥമാക്കുന്നത്.
പ്രത്യേക പോഷകഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണവസ്തുക്കളേക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ളവയാണ്. പ്രവർത്തനക്ഷമമായ ഭക്ഷണങ്ങൾ, ഭക്ഷണ സപ്ലിമെന്റുകൾ (പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), പ്രകൃതിദത്ത ഉറവിടങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുന്ന രോഗപ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണു ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.
പാർശ്വഫലം കുറവാണെന്നതും പ്രകൃതിജന്യവസ്തുക്കളിൽനിന്നു വേർതിരിച്ചെടുക്കുന്നവയായതിനാലും ജനങ്ങൾക്കിടയിൽ ഇവയ്ക്കു സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും ന്യൂട്രാസ്യൂട്ടിക്കലുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
പ്രമേഹം, അലർജി, ആൽസ്ഹൈമേഴ്സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസണ്‍സ്, അമിതവണ്ണം തുടങ്ങിയവയ്ക്കെതിരേയും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗിക്കാം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
എന്തുകൊണ്ട് കേരളം?
അതിവിശാലമായ ജല ആവാസവ്യവസ്ഥകൾ, തീരപ്രദേശം, വനം, പശ്ചിമഘട്ടം എന്നിവയാൽ സന്പന്നമാണെങ്കിലും സസ്യങ്ങളുടെയും സമുദ്രജലവിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്തുന്നതിനു പറ്റിയ സ്ഥാപനങ്ങളൊന്നും കേരളത്തിൽ നിലവിലില്ല. ഇവയെപ്പറ്റി പഠിക്കുകയും മികച്ചവയെ വാണിജ്യ വൽക്കരിക്കുകയും ചെയ്യുക എന്നതാണു ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്’ ലക്ഷ്യമാക്കുന്നത്.
നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നതിനോടൊപ്പംതന്നെ പുതിയവയെ കണ്ടെത്തുകയും അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി, പുതിയ ഉത്പന്നങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്ന, ഗവേഷണ കേന്ദ്രമാണു പദ്ധതിയുടെ ലക്ഷ്യം.
കേരളം ഇന്ത്യയുടെ ഹെർബൽ- ആയുർവേദ- സുഗന്ധവ്യഞ്ജന- സമുദ്രഭക്ഷ്യ തലസ്ഥാനമായതിനാൽ കൃത്യമായ ആസൂത്രണത്തിലൂടെ ഈ അവസരം മുതലെടുക്കാനും വലിയ വിജയമാക്കി മാറ്റാനും സാധിക്കും.
ആയുർവേദത്തിന്റെ നാടായ ഇന്ത്യ, ന്യൂട്രാസ്യൂട്ടിക്കൽസ് എന്ന ആശയത്തിന്റെ ജന്മദേശമാണ്. ഇൻവെസ്റ്റ് ഇന്ത്യ പഠന പ്രകാരം ഭക്ഷണ സപ്ലിമെന്റുകളുടെ ആവശ്യം ഉയരുന്നതു കാരണം 2025ൽ ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി 18 ബില്യണ്‍ ഡോളറായി വളരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.