നിപയുടെ പാര്‍ശ്വഫലം: ടിറ്റോ എട്ടു മാസമായി അബോധാവസ്ഥയിൽ
Thursday, July 25, 2024 1:44 AM IST
കോഴിക്കോട്: നിപയുടെ പാര്‍ശ്വഫലമായി അബോധാവസ്ഥയില്‍ കഴിയുന്ന ആരോഗ്യ പ്രവര്ത്തകന് ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഒരു കുടുംബം. എട്ടുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മാതാപിതാക്കളും സഹോദരനും ഈ യുവാവിന്റെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ മറതാളയില് അമ്പ്രയില് ടിറ്റോ തോമസാണ് (24) ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ നഴ്സായിരുന്നു ടിറ്റോ. കഴിഞ്ഞ ഓഗസ്റ്റില്‍ ജില്ലയില്‍ നിപ ബാധിച്ചയാളെ പരിചരിച്ചത് ടിറ്റോയാണ്. രോഗി മരിച്ചശേഷമാണ് നിപ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മാസത്തില്‍ ടിറ്റോയ്ക്കും രോഗം പിടിപെട്ടു. ഒരു മാസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം വീട്ടിലേക്കു പോയി. ഒരാഴ്ച കഴിഞ്ഞു തിരികെ ജോലിയില്‍ പ്രവേശിച്ചശേഷം കനത്ത തലവേദന അനുഭവപ്പെട്ടു.
ഡിസംബര്‍ ഏഴിനു പക്ഷാഘാതം വന്ന് ഒരുഭാഗം തളര്‍ന്നു. അന്നുരാത്രി 12 മണിവരെ ബന്ധുക്കളോടു സംസാരിച്ചിരുന്നു. പിറ്റേന്നു രാവിലെ പത്തുമണിയോടെ അപസ്മാരം വന്നതിനാല്‍ ഐസിയുവിലേക്കു മാറ്റി. ഒരു മാസം വെന്റിലേറ്റില്‍ കഴിഞ്ഞു. അന്ന് അബോധാവസ്ഥയിലായ ടിറ്റോ പിന്നീട് ഇതുവരെ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടില്ല. ചലനമറ്റ് അതേ കിടപ്പാണ്.
തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ശ്വാസോച്ഛ്വാസം. വയറില്‍ ട്യൂബിട്ടാണു ഭക്ഷണം നല്‍കുന്നത്. പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ ബ്രെയിന്‍ ബയോപ്സി പരിശോധനയില്‍ നിപ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ടിറ്റോ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യത കുറവാണെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ടിറ്റോ. കൂലി പ്പണിക്കാരനായ ടി.സി. തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഷിജോ തോമസാണ് സഹോദരന്. ടിറ്റോയ്ക്കു നഴ്സായി ജോലി ലഭിച്ചപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു കുടുംബം.
ഇവര്‍ മൂന്നുപേരും ടിറ്റോയെ പരിചരിച്ച് എട്ടുമാസമായി ആശുപത്രിയിലുണ്ട്. തോമസ് പണിക്കു പോകാറില്ല. ബംഗളൂരുവിലെ സ്ഥാപനത്തില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന ഷിജോ തോമസും ജോലിക്കു പോകുന്നില്ല.
ആശുപത്രിയാണ് നിലവില്‍ ചികിത്സച്ചെലവ് വഹിക്കുന്നത്. ഒരു മുറി ആശുപത്രിയില്‍ ടിറ്റോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ടിറ്റോയ്ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് അവരാണ്.
ടിറ്റോയെ വീട്ടിലേക്കു കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ് കുടുംബം. വീടിനടുത്ത് ആധുനിക സൗകര്യങ്ങളുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്ല. അടച്ചുറപ്പുള്ള വീടുമില്ല. കുന്നിന്മുകളില് ഷീറ്റ് മേഞ്ഞ വീടാണുള്ളത്. മഴക്കാലത്ത് അത് ചോര്‍ന്നൊലിക്കും. വാഹനങ്ങള്‍ കുന്നിന്മുകളിലേക്ക് എത്തില്ല.
ആരോഗ്യ പ്രവര്ത്തകന് ആയിരുന്നിട്ടുകൂടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഏതാനും മാസം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു മൂന്നു ഡോക്ടര്‍മാര്‍ ടിറ്റോയെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.
ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണാ ജോര്‍ജിനും നിവേദനം നല്‍കുമെന്ന് സഹോദരന് ഷിജോ തോമസ് പറഞ്ഞു.