ശാന്തകുമാരി വധം: അമ്മയും മകനുമടക്കം മൂന്നു പ്രതികൾക്കും വധശിക്ഷ
Thursday, May 23, 2024 1:57 AM IST
വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ തോട്ടം ആലുമൂട് വീട്ടിൽ ചെല്ലമ്മയുടെ മകൾ ശാന്ത എന്ന ശാന്തകുമാരി (74)യെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്തശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീറാണു വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ ഇസ് മായിലിന്റെ ഭാര്യ റഫീക്ക (51), രണ്ടാം പ്രതി പാലക്കാട് ജില്ലയിൽ പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽഅമീൻ (27), മൂന്നാം പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഇസ്മായിലിന്റെ മകനും ഒന്നാംപ്രതിയായ റഫീക്കയുടെ മകനുമായ ഷെഫീഖ് (27) എന്നിവരെയാണ് ശിക്ഷിച്ചത്.
2022 ജനുവരി 14ന് രാവിലെ ഒന്പതോടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽവീട്ടിൽ വാടകക്കാരായി വന്ന പ്രതികൾ ഗൂഢാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നു.
അയൽവീട്ടുകാരിയായ ശാന്തകുമാരിയെ റഫീക്ക വാടകവീട്ടിലേക്കു വിളിച്ചുവരുത്തുകയും ആഭരണങ്ങൾ കൈക്കലാക്കാൻ ശ്രമം നടത്തുകയുമായിരുന്നു. ഇതു തടയാൻ ശ്രമിച്ച ശാന്തകുമാരിയുടെ കഴുത്തിൽ അൽ അമീനും ഷഫീക്കും ചേർന്നു തുണി ഉപയോഗിച്ചു കുരുക്കിട്ട് ഞെരിക്കുകയും ഇതിനിടെ റഫീക്ക ചുറ്റികകൊണ്ട് തലയ്ക്കടിക്കുയുമായിരുന്നു.
തുടർന്ന് ആഭരണങ്ങൾ അപഹരിച്ച ശേഷം മൃതദേഹം വീടിന്റെ തട്ടിൻപുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്ത് ഒളിപ്പിച്ചു. ആഭരണങ്ങളിൽ കുറച്ചുഭാഗം വിഴിഞ്ഞത്തെ ഒരു ജ്വല്ലറിയിൽ വിറ്റു കാശാക്കിയ ശേഷം പാലക്കാട്ടേക്കു പോകാനൊരുങ്ങിയ മൂവരും തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു താമസിച്ചു.
രാത്രി തിരുവനന്തപുരത്തുനിന്നു ബസിൽ കയറി യാത്രക്കാരായി രക്ഷപ്പെടാൻ ശ്രമിച്ച മൂവരെയും വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തുവച്ചു പിടികൂടുകയായിരുന്നു. സ്വർണാഭരണങ്ങൾ കുറേഭാഗം ജ്വല്ലറിയിൽനിന്നും ബാക്കിയുള്ളവ പ്രതികളുടെ കൈയിൽനിന്നും പോലീസ് കണ്ടെടുത്തു.
പ്രതികൾ മൂവരും ഈ കേസിനും ഒരു വർഷം മുൻപ് കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സമാന രീതിയിൽ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഷെഫീഖ് പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്.
മൂവരും തിരുവനന്തപുരം, നെയ്യാറ്റിൻകര പോക്സോ കോടതികളിലെ കേസുകളിൽ വിചാരണ നേരിടുകയാണ്. കേസിൽ പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും 34 വസ്തു വകകളും ഹാജരാക്കി.
വിഴിഞ്ഞം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട് നൽകിയ കേസിൽ പബ്ലിക് പ്രോസീക്യൂട്ടർ പാറശാല എ. അജികുമാർ കോടതിയിൽ ഹാജരായി. പോലീസ് പബ്ലിക് റിലേഷൻ ഓഫീസറായി സീനിയർ സിപിഒ ശ്രീകലയും പ്രവർത്തിച്ചു.