സ്കൂളുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ
Thursday, May 23, 2024 1:57 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ, ഗതാഗത വകുപ്പുകളുടെ കരിനിയമങ്ങൾ പിൻവലിക്കാത്ത പക്ഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാതെ 2024 -2025 അധ്യയന വർഷം സ്കൂളുകൾ അടച്ചിടുമെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെപിഎസ്എംഎ).
ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് സ്കൂളുകൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ജനറൽ സെക്രട്ടറി മണി കൊല്ലം പത്രസമ്മേളനത്തിൽ അറിയിച്ചു.
എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കും യൂണിഫോം അനുവദിക്കാൻ സർക്കാർ തയാറാകണം. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അണ് എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണം. സ്കൂൾ തുറക്കാൻ ഇനി ചുരുക്കം ദിവസങ്ങൾ മാത്രമാണുള്ളത്.
എയ്ഡഡ് സ്കൂളുകളുടെ അറ്റകുറ്റപ്പണി മുൻവർഷങ്ങളിൽ സർക്കാരാണ് നടത്തിയിരുന്നത്. ഇപ്പോൾ അത് നടത്തുന്നില്ല. ഫിറ്റ്നസുള്ള സ്കൂൾ ബസുകൾക്കു പോലും ഗതാഗത വകുപ്പിന്റെ അപ്രായോഗിക സോഫ്റ്റ്വേറായ വിദ്യാവാഹൻ കാരണം പുറത്തിറക്കാൻ സാധിക്കാത്ത നിലയാണ്.
2022-2023 മുതലുള്ള നിയമനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ മൂലം തടഞ്ഞുവച്ച തസ്തിക നിർണയ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ഉടൻ നടപ്പാക്കണം.
സ്കൂൾ തുറക്കുന്നതിനു മുന്പ് തദ്ദേശ സ്വയംഭരണ, ഗതാഗതവകുപ്പുകളിൽനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്ത പക്ഷം സ്കൂൾ അടച്ചിട്ടുള്ള സമരത്തിലേക്ക് നീങ്ങുമെന്നും മണി കൊല്ലം അറിയിച്ചു. സംസ്ഥാന നേതാക്കളായ അരവിന്ദൻ മണ്ണൂർ, എസ്. രാധാകൃഷ്ണൻ, ടി.ഒ. ഭാസ്കർ, കല്ലട ഗിരീഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.