13,000 അധ്യാപകർ എഐ പരിശീലനം പൂർത്തിയാക്കി
Thursday, May 23, 2024 1:57 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി.
അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി ഇന്നും 27നും മൂന്നു ദിവസ പരിശീലനം ആരംഭിക്കും.
അവധിക്കാലത്ത് ഇതോടെ 20,000 അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാകും. ഈ കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളിൽനിന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം.
ഓഗസ്റ്റോടെ 80,000 വരുന്ന ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകർക്കു പരിശീലനം പൂർത്തിയാക്കും. തുടർന്ന് പ്രൈമറി അധ്യാപകർക്കും ഈ മേഖലയിൽ പരിശീലനം നൽകും.
2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ടു ലക്ഷത്തോളം അധ്യാപകർക്ക് സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിംഗ്, പ്രസന്റേഷൻ-ആനിമേഷൻ നിർമാണം, ഇവാലുവേഷൻ എന്നീ മേഖലകളിൽ എഐ പരിശീലനം പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അധ്യാപകരും ഇന്റർനെറ്റ് സൗകര്യമുള്ള ലാപ്ടോപ്പുകളുടെ സഹായത്തോടെയാണു പരിശീലനം നേടുന്നത്.